കൊല്ലം: പ്ലാസ്റ്റിക് പൊടിച്ച് ടാർ നിർമ്മിക്കാനും അത് വേർതിരിച്ച് പുനരുപയോഗത്തിന് കൈമാറാനുമായി നഗരസഭ പുതിയ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കുന്നു. ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ എകദേശം പത്ത് ലക്ഷം രൂപ ചെലവിലാണ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. നഗരപരിധിയിൽ കടവൂരിൽ നിലവിൽ ഒരു ഷ്രെഡിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഒരുമാസം ശരാശരി രണ്ട് ടൺ പ്ലാസ്റ്റിക് മാത്രമാണ് സംസ്കരിക്കുന്നത്. എന്നാൽ നഗരസഭയുടെ ഹരിതകർമ്മസേനാംഗങ്ങൾ ഒരുമാസം 5 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. പുതിയ ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കുമ്പോൾ നഗരസഭയ്ക്ക് വരുമാനം ലഭിക്കുന്നതിനൊപ്പം നഗരത്തിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യവും നിരന്തരം നീക്കപ്പെടും. കടവൂരിലെ ഷ്രെഡിംഗ് യൂണിറ്റിന് നിന്നും ടാർ നിർമ്മാണത്തിനായി പ്ലാസ്റ്റിക് പൊടിച്ച് നൽകിയ ഇനത്തിൽ മാത്രം ഇതുവരെ 2.70 ലക്ഷം രൂപ ക്ലീൻ കേരള കമ്പനിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പുനരുപയോഗ യോഗ്യമായ 5 ടൺ പ്ലാസ്റ്റിക്കും കൈമാറിയിട്ടുണ്ട്.
20 ടൺ പ്ലാസ്റ്റിക് മാലിന്യം
കൊല്ലം നഗരത്തിൽ പ്രതിമാസം 20 ടൺ പ്ലാസ്റ്റിക് മാലിന്യമെങ്കിലും കുറഞ്ഞത് രൂപപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹരിതകർമ്മസേനാംഗങ്ങൾ കൂടുതൽ സജീവമാകുമ്പോൾ ഇത്രയധികം മാലിന്യം ശേഖരിക്കപ്പെടും. ഈ സാഹചര്യത്തിലാണ് പുതിയ ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. ഹരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനും സംസ്കരിക്കാനും സംവിധാനമില്ലാത്തതിനാൽ സ്വകാര്യ കമ്പിനിക്ക് കുറഞ്ഞ നിരക്കിൽ വിൽക്കുകയാണ്.
2.70 ലക്ഷം രൂപ
ടാർ നിർമ്മാണത്തിനായി ഒരു കിലോ പ്ലാസ്റ്റിക് പൊടിച്ച് നൽകുമ്പോൾ നഗരസഭയ്ക്ക് 18 രൂപ ക്ലീൻ കേരള കമ്പനി നൽകും. പുനരുപയോഗ യോഗ്യമായ ചപ്പിച്ച പ്ലാസ്റ്റിക്കിന് നിലവാരം അനുസരിച്ച് കിലോയ്ക്ക് 5 മുതൽ പത്ത് രൂപ വരെ കിട്ടും. ഒരുമാസം ശരാശരി 15 ടൺ പ്ലാസ്റ്റിക് പൊടിച്ച് ടാർ നിർമ്മാണത്തിന് നൽകിയാൽ നഗരസഭയ്ക്ക് 2.70 ലക്ഷം രൂപ സ്ഥിരമായി ലഭിക്കും.