കൊല്ലം: എൽ.കെ.ജി - യു.കെ.ജി വിദ്യാർത്ഥികളെ അക്ഷര വഴികളിലേക്ക് ആകർഷിക്കാൻ സ്വന്തം നിലയിൽ വീഡിയോ പാഠങ്ങളുമായി പ്രീ - പ്രൈമറി അദ്ധ്യാപകർ. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പ്രീ - പ്രൈമറി കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ ഉണ്ടായിരുന്നില്ല.
ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഗവ. - എയ്ഡഡ് സ്കൂളുകളിലെ പ്രീ - പ്രൈമറി അദ്ധ്യാപകർ സ്വന്തം നിലയിൽ വീഡിയോ ക്ലാസുകൾ തയ്യാറാക്കി തുടങ്ങിയത്. കുട്ടികളുടെ പാഠഭാഗങ്ങൾക്ക് അനുസരിച്ച് കളി ചിരികളും പാട്ടും തമാശകളും നിറഞ്ഞ വീഡിയോ പാഠങ്ങൾ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയയ്ക്കുന്നതാണ് പതിവ്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ കൂടി ഇരുന്ന് വീഡിയോ കണ്ട് പാഠഭാഗങ്ങൾ ഉൾക്കൊള്ളും.
എന്നാൽ ഇതിനിടെ പ്രി പ്രൈമറി അദ്ധ്യാപകരെ ഒഴിവാക്കി അങ്കണവാടി അദ്ധ്യാപകരുടെ നേതൃത്വത്തിൽ അങ്കണിവാടി കുട്ടികൾക്കും പ്രി പ്രൈമറി വിദ്യാർത്ഥികൾക്കുമായി വിക്ടേഴ്സ് ചാനലിൽ ക്ലാസ് തുടങ്ങി. ഒരു മാസത്തിലേറെയായി സ്വന്തം നിലയിൽ വീഡിയോ ക്ലാസ് നൽകുന്ന അദ്ധ്യാപകരെ അവഗണിച്ചതും പ്രീ - പ്രൈമറി വിദ്യാർത്ഥികൾക്ക് എന്ന പേരിൽ അവരുടേതല്ലാത്ത പാഠഭാഗങ്ങൾ അവതരിപ്പിക്കുന്നതും പ്രതിഷേധാർഹമാണെന്നാണ് ഇവരുടെ നിലപാട്.