scree
പണം നഷ്ടമായ ആളിന്റേതെന്ന് സംശയിക്കുന്ന സി.സി ടി.വി കാമറ ദൃശ്യം

കൊല്ലം: എ.ടി.എം കൗണ്ടറിൽ നിന്ന് കളഞ്ഞുകിട്ടിയ പണത്തിന് കാവലിരിക്കുന്നത് കടപ്പാക്കട ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ. സ്റ്റേഷനിലെ ഫയർ ആൻഡ് റെസക്യൂ ഓഫീസർ വി. വിജേഷിന് കടപ്പാക്കടയിലെ ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നാണ് ഇന്നലെ ആരോ മറന്ന് വച്ച പണം ലഭിച്ചത്. തൊട്ടടുത്തായി ഒരു എ.ടി.എം കാർഡും ഉണ്ടായിരുന്നു. വിജേഷ് പണവും എ.ടി.എം കാർഡുമെടുത്ത് ഫയർ സ്റ്റേഷനിലെത്തി. തുടർന്ന് സഹപ്രവർത്തകരോടൊപ്പം തൊട്ടടുത്ത ഇന്ത്യൻ ബാങ്ക് ശാഖയിലെത്തി നടത്തിയ അന്വേഷണത്തിൽ എ.ടി.എം കാർഡിന്റെ ഉടമ പള്ളിമുക്ക് സ്വദേശി നിസാമുദ്ദീനാണെന്ന് തണ്ടെത്തി. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ എ.ടി.എം കാർഡ് തന്റേതാണെന്നും പണം കളഞ്ഞുപോയിട്ടില്ലെന്നും അറിയിച്ചു.

പന്നീട് ബാങ്ക് അധികൃതരുടെ സഹായത്തോടെ എ.ടി.എമ്മിലെ സുരക്ഷാ കാമറ പരിശോധിച്ചപ്പോൾ വ്യാഴാഴ്ച്ച രാത്രി ഒരാൾ പണം മറന്നുവച്ച് പോകുന്ന ദൃശ്യം ലഭിച്ചു. മുഖം വ്യക്തമല്ലാത്തതിനാൽ ആളിനെ കണ്ടെത്താനായില്ല. കാമറയിലെ സമയം വച്ച് ഇടപാടുകാരനെ കണ്ടെത്തണമെങ്കിൽ ഏറെ ദിവസമെടുക്കും. അതുവരെ ആ പണത്തിന് കടപ്പാക്കട ഫയർ സ്റ്റേഷനിലെ വിജേഷും സഹപ്രവർത്തകരും കാവലിരിക്കും. അതിന് മുൻപേ ഉടമയെത്തിയാൽ ബാങ്ക് അധികൃതരുമായും പൊലീസുമായും ചർച്ച ചെയ്ത് യഥാർത്ഥ ഉടമസ്ഥൻ തന്നെയന്ന് ഉറപ്പാക്കി പണം കൈമാറും. ബന്ധപ്പെടേണ്ട ഫോൺ :04742746200, 9746982511.