sahayi
അഖിൽ സഹായി

പത്തനാപുരം: ഓടി നടന്ന് നാടിനും നാട്ടുകാർക്കും നന്മകൾ ചെയ്യുകയാണ് കമുകും ചേരി സ്വദേശി അഖിൽ സഹായി എന്ന യുവാവ്. മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി ഓടിനടക്കുന്ന അഖിലിന് നാട്ടുകാർ നല്കിയ വിളിപ്പേരാണ് സഹായി.ഇപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം ഓൺലൈനിലായപ്പോൾ ടി.വി ഇല്ലാതെ വിഷമിച്ച കുട്ടികൾക്കും അംഗനവാടികളിലും സഹായി ടി.വി എത്തിച്ചു നല്കി. ഇതിലൊന്നുമൊതുങ്ങില്ല അഖിലിന്റെ സാമൂഹിക ഇടപെടൽ.ഏതെങ്കിലും രോഗികൾക്ക് രക്തം ആവശ്യമായി വന്നാൽ ഏത് ഗ്രൂപ്പ് രക്തമായാലും സഹായി ആളെ എത്തിച്ച് നൽകും. അതും സ്വന്തം ചിലവിൽ. അർഹരായവർക്ക് വിവാഹ- വിദ്യാഭ്യാസ- ചികിത്സാ ധനസഹായം സ്വരൂപിച്ച് നല്കും.ഏത് സമയവും ആവശ്യങ്ങൾക്ക് ആര് എപ്പോൾ വിളിച്ചാലും സഹായി ഓടിയെത്തും. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണെങ്കിലും പാർട്ടി നോക്കാതെയാണ് സഹായങ്ങൾ നല്കുന്നത്.വിദേശത്തും സ്വദേശത്തുമുള്ളവരിൽ നിന്ന് ഫണ്ട് സമാഹരിച്ചാണ് കാരുണ്യ പ്രവൃത്തികൾ നടത്തുന്നത്. രാഷ്ടീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സഹായി കേരള കൗമുദി ദിന പത്രത്തിന്റെ ഏജന്റും കഴിഞ്ഞ 20 വർഷമായി കമുകുംചേരി നവധാര സാംസ്കാരിക സംഘടന സെക്രട്ടറിയുമാണ്. കൂടാതെ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് അഡ്മിൻ.താലുക്ക് ലൈബ്രററി കൗൺസിൽ അംഗം.തിരുവിളങ്ങോനപ്പൻ ക്ഷേത്ര ഉപദേശക സമതി അംഗം തുടങ്ങി വിവിധ രംഗത്ത് സജീവ പ്രവർത്തകനാണ്.