mkt
കുതിരപ്പന്തിച്ചന്തയിൽ പുതുതായി ആരംഭിച്ച കടകളിൽ ചിലത്

കൊല്ലം : കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും ഗതകാലപ്രൗഡി വീണ്ടെടുക്കുകയാണ് തഴവ പഞ്ചായത്തിലെ കുതിരപ്പന്തിച്ചന്ത. തഴപ്പായ് വ്യവസായത്തിന്റെ തക‌ർച്ചയോടെ താഴ് വീണ കുതിരപ്പന്തിയിൽ കൊവിഡ് കാലത്ത് പുതുതായി ആരംഭിച്ചത് അരഡസനോളം കടകളാണ്. നീണ്ടകരയിൽ നിന്നും വാടിയിൽ നിന്നുമുള്ള ഫ്രഷ് മീനും നാടൻ കോഴിക്കടയും പച്ചക്കറികടയും രണ്ട് ചായക്കടകളുമാണ് കൊവിഡ് കാലത്ത് കുതിരപ്പന്തിയിൽ ആരംഭിച്ചത്.കടകൾ തുടങ്ങിയതറിഞ്ഞ് ധാരാളം പേർ മാർക്കറ്റിലേക്ക് വന്ന് തുടങ്ങിയതോടെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തരക്കേടില്ലാത്ത കച്ചവടം ഉറപ്പിക്കാൻ കച്ചവടക്കാർക്കുമായി. മുമ്പുണ്ടായിരുന്നതിന്റെ പകുതിയോളം കടകൾ ചന്തയിൽ തുറന്ന് പ്രവർത്തനം തുടങ്ങിയതോടെ സന്ധ്യയ്ക്ക് മുമ്പേ വിജനമാകുമായിരുന്ന ചന്തയിൽ ഇപ്പോൾ രാത്രി ഏഴുവരെ ആളും അനക്കവുമായി. വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ കാർഷിക ഗ്രാമമായ ഇവിടെ കാർഷക വിപണി കൂടി ആരംഭിക്കാനും ഓണം സീസണാകുമ്പോഴേക്കും സമീപ മാർക്കറ്റുകളിൽ നിന്ന് കൂടുതൽ കച്ചവടക്കാരെ ഇവിടേക്ക് വരുത്താനുമുളള ശ്രമത്തിലാണ് നാട്ടുകാർ.

ഉപ്പുമുതൽ കർപ്പൂരം വരെ

ഒരുകാലത്ത് തഴപ്പാ വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന കുതിരപ്പന്തി ജില്ലയിലെ അറിയപ്പെടുന്ന നാട്ടുചന്തകളിൽ ഒന്നായിരുന്നു. തഴപ്പായ് വ്യാപാരത്തിന് പുറമേ നാളീകേരം,​ മരച്ചീനി,​ മത്സ്യം,​ പച്ചക്കറികൾ,​ അടയ്ക്കാ,​ വെറ്റില,​ നാടൻകോഴി,​ കാ‍ർഷിക ഉപകരണങ്ങൾ,​ നടീൽവസ്തുക്കൾ എന്നിവയുടെ പ്രധാന വിപണന കേന്ദ്രമായിരുന്നു ഇവിടം. അരഡസനിലധികം ചായക്കട, തുന്നൽക്കട, ആയൂർവേദ വൈദ്യശാല,​ബാർബർ ഷോപ്പുകൾ,​ ചെറുതും വലുതുമായ പലവ്യജ്ഞനക്കട, അങ്ങനെ ഉപ്പുമുതൽ കർപ്പൂരം വരെ എല്ലാം.

തഴപ്പായിൽ തകർത്ത കുതിരപ്പന്തി

ഏതാണ്ട് പത്ത് കൊല്ലം മുമ്പാണ് കുതിരപ്പന്തി ചന്തയുടെ തകർച്ച തുടങ്ങിയത്.തഴപ്പാ വ്യവസായത്തിന്റെ തകർച്ചയെ തുട‌ർന്ന് കച്ചവടം മോശമായതോടെ പല കടകൾക്കും പൂട്ടുവീണു. ഒരു ട്രാൻ.സർവ്വീസുൾപ്പെടെ മൂന്ന് ബസ് സർവ്വീസുകൾ നിലച്ചതോടെ ചന്തയിലേക്ക് ദൂരക്കാരാരും വരാതായി. കുതിരപ്പന്തിയുടെ പേരും പ്രതാപവും തുണിക്കച്ചവടക്കാരനായ പണയിൽ വീട്ടിൽ വാസുദേവൻ,​ സൈക്കിൾ ഷോപ്പുടമ ഗോപി,​ സ്റ്റേഷനറി വ്യാപാരി അച്യുതൻപിള്ള,​ ചായക്കട ഉടമയായ രാജൻ,​ പിതാവിന്റെ മരണശേഷവും പലചരക്ക് വ്യാപാരം തുടരുന്ന ശാന്തികുമാർ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരുടെ കടകളിലൊതുങ്ങി. അടച്ചുപൂട്ടാറായ ഗവ.സ്കൂളിനും തപാലാഫീസിനും കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയ ചിലർ മാർക്കറ്റ് പുനരുദ്ധരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.