ശാസ്താംകോട്ട: ചേലൂർ പുഞ്ചയിലെ മലിനജലം കാശുകൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ് നാട്ടുകാർ. മലിനമായ ജലം ശുദ്ധീകരിക്കാതെ കുടിവെള്ളമായി ജനങ്ങളിലേക്കെത്തിക്കുന്നതോ ജല അതോറിട്ടിയും.
കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർപഞ്ചായത്ത്, പോരുവഴി പഞ്ചായത്തിലെ അമ്പലത്തും ഭാഗം ശാസ്താംകോട്ട പഞ്ചായത്തിലെ പുന്നമൂട്,കരിത്തോട്ടുവ, പെരുവേലിക്കര പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജല അതോറിട്ടിയുടെ പരിധിയിലുള്ള ചേലൂർ കുടിവെള്ള പദ്ധതിയിലൂടെയാണ് വർഷങ്ങളായി മലിനജലം വിതരണം ചെയ്യുന്നത്.
പമ്പ് ഹൗസിനോട് ചേർന്നുള്ള ജലസംഭരണി പായൽമൂടിയിട്ട് വർഷങ്ങളായി.ശുദ്ധീകരണ പ്ലാന്റിലെ ആകെ ഉണ്ടായിരുന്ന ക്ലോറിനേഷൻ പ്ലാന്റ് തകരാറിലായിട്ടും വർഷങ്ങളായെങ്കിലും ശുദ്ധീകരിക്കാതെ 24 മണിക്കൂറും ചേലൂർ പുഞ്ചയിൽ നിന്നുള്ള ജലം വിതരണം തുടരുകയാണ്. ചേലൂർ പുഞ്ചയ്ക്ക് ചുറ്റുമുള്ള ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ തളിക്കുന്ന കീടനാശിനികളെല്ലാം മഴക്കാലത്ത് പുഞ്ചയിലേക്കാണ് ഒഴുകി എത്തുന്നത്. ഈ മലിനജലമാണ് യാതൊരു ശുദ്ധീകരണവും നടത്താതെ ജല അതോറിട്ടി നാട്ടുകാരിലേക്ക് എത്തിക്കുന്നത്. ആവശ്യമായ ഫിൽട്ടറിങ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
" ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ ജല അതോറിട്ടി വരുത്തുന്ന വീഴ്ച പണം കൊടുക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്"
കെ.അശ്വനികുമാർ ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം)
" പുതിയ ഫിൽട്ടർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് നിരവധി തവണ ടെണ്ടർ വിളിച്ചെങ്കിലും ആരും ടെണ്ടർ എടുക്കാത്തതിനാലാണ് ശുദ്ധീകരിക്കാൻ കഴിയാത്തത് "
റോയി തോമസ്
അസി: എക്സിക്യുട്ടീവ് എൻജിനിയർ ജല അതോറിറ്റി ,ശാസ്താംകോട്ട