കൊല്ലം : കണ്ണനല്ലൂർ ക്ഷേത്ര ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിയിൽ കല്ലിട്ട് ഫെൻസിൽ വർക്ക് ആരംഭിച്ചു. ക്ഷേത്ര ഭൂമിയിൽ അവകാശമുന്നയിച്ച് തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ കാലങ്ങളായി കേസു നടന്നുവരുകയായിരുന്നു. 2012ൽ കൊല്ലം സെക്ഷൻ കോടതി വിധി ദേവസ്വം ബോർഡിന് അനുകൂലമായിരുന്നു. അതിനെതിരെ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. തുടർന്നുള്ള വാദത്തിനിടെ 2018ൽ ഓംബുഡ്‌സ്മാനെ വെച്ച് ക്ഷേത്ര ഭൂമി സന്ദർശിച്ച് പരിശോധിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന്റെ ഒരേക്കർ 9 സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി ഫെൻസിൽ വർക്ക് നടത്താൻ വിധിയായി. ഇപ്പോഴാണ് കോടതി വിധി പ്രാവർത്തികമാക്കാൻ തുടങ്ങിയത്. ക്ഷേത്ര ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ദേവസ്വം ബോർഡ് സ്‌പെഷ്യൽ തഹസിൽദാർ വിനോദ് കുമാർ, ഹെഡ് സർവേയർ വിനോദ്, റവന്യൂ ഇൻസ്‌പെക്ടർ സതീഷ് കുമാർ, സർവേ അസിസ്റ്റന്റ് ശിവകുമാർ, വിക്രമൻ നായർ എന്നിവരെത്തി. ദേവസ്വം ബോർഡ് കൊല്ലം ഗ്രൂപ്പിന് വേണ്ടി അസി. കമ്മിഷണർ സുനിൽകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ രാധിക, വേണു പോറ്റി എന്നിവരും ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി പ്രസിഡന്റ് സുബാഷ് കുമാർ, സെക്രട്ടറി പ്രസാദ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കെടം സുദർശനൻ , ജില്ലാ ജനറൽ സെക്രട്ടറി പി. രമേശ് ബാബു, കോർപ്പറേഷൻ സമിതി ജനറൽ സെക്രട്ടറി ജയൻ പട്ടത്താനം, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് മുഖത്തല മോഹനൻ, ജനറൽ സെക്രട്ടറി കണ്ടച്ചിറ മോഹനൻ, മുഖത്തല ശ്രീപ്രസാദ്, ഗ്രാമ പഞ്ചായത്തംഗം സുനിത് ദാസ്, ക്ഷേത്ര മുൻ സെക്രട്ടറി രാജഗോപാലൻ എന്നിവർ പങ്കെടുത്തു. കണ്ണനല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ നിയാസ്, വർഗീസ്, സ്‌പെഷ്യൽ ബ്രാഞ്ചിന് വേണ്ടി രാജു, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്ഷേത്രത്തിൽ സുരക്ഷ ഉറപ്പാക്കാനെത്തിയിരുന്നു.