ananthu-25
അനന്ദു

പുനലൂർ: ദേശീയപാതയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചു. കൊല്ലത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരനായ പുനലൂർ മണിയാർ പരവട്ടം അനന്ദു ഭവനിൽ ഗോപകുമാർ - ബിന്ദു ദമ്പതികളുടെ മകൻ അനന്ദുവാണ് (25) മരിച്ചത്.

കൊല്ലം​ - തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട്ട് ആശുപത്രിക്ക് സമീപം വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം. കൊല്ലത്ത് ആട്ടോ മൊബൈൽ വർക്ക്‌ഷോപ്പിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. എതിർദിശയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു. തെറിച്ചുവീണ അനന്ദുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറ് മാസം മുമ്പാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയത്. സഹോദരി: ആര്യ.