കൊവിഡ് ഭീതിയിൽ ജില്ല
കൊല്ലം: കൊവിഡ് സമൂഹിക വ്യാപന ആശങ്കകൾക്കിടയിലും പൊതു ഇടങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയാത്തത് പ്രതിരോധം പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുകയാണ്. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചതെങ്കിലും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരും ജില്ലയിലുണ്ട്.
തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയും ആശങ്കയുടെ നിഴലിലാണ്. പുനലൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയതിന് ജുഡീഷ്യൽ കസ്റ്റഡിയിലായ വ്യാപാരിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇയാളുടെ കടയിലെത്തിയവരിൽ നിന്നാകും രോഗം ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ തടയാൻ സാമൂഹിക അകലവും ശുചിത്വവും മാത്രമാണ് ഏക വഴിയെന്നിരിക്കെ വരുന്നത് വരട്ടെ എന്ന തരത്തിലാണ് പൊതു ഇടങ്ങളിലെ ജനങ്ങളുടെ പെരുമാറ്റം. ഇത് അതിജീവന ശ്രമങ്ങളെ പിന്നോട്ടടിക്കും.
തിക്കി തിരക്കി എങ്ങോട്ടാണ്
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിക്കുമ്പോഴും നിരത്തിലെ തിരക്കൊഴിയുന്നില്ല. കുട്ടികളെ പുറത്തിറക്കാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. അതിന്റെ ഗൗരവം പോലും മനസിലാക്കാതെയാണ് കുഞ്ഞുങ്ങളുമായി മത്സ്യച്ചന്തകളിൽ വരെ രക്ഷിതാക്കൾ കയറിയിറങ്ങുന്നത്. രോഗിയെ കാണാൻ ആപ്പിളും ഏത്തപ്പഴവും വാങ്ങി കുഞ്ഞുങ്ങളെയും കൂട്ടി എത്തിയവരെ കഴിഞ്ഞ ദിവസം കൊല്ലത്തെ ആശുപത്രിയിൽ തടഞ്ഞ് തിരികെ അയച്ചിരുന്നു. കുടുംബം പോറ്റാൻ നിത്യവൃത്തിക്ക് പുറത്തിറങ്ങേണ്ടി വരുന്നത് സ്വാഭാവികം. പക്ഷേ, ദുരിത കാലത്ത് കുടുംബ സമേതം വിനോദ യാത്രപോലും നടത്തി സാമൂഹത്തെ ദ്രോഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
താടിക്കെന്തിന് മാസ്ക്?
മൂക്കും വായും മറച്ച് മാസ്‌ക് കെട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ ഭൂരിപക്ഷവും മൂക്കിനെ പുറത്താക്കിയാണ് മാസ്‌ക് അണിയുന്നത്. സംസാരിക്കുമ്പോഴാണ് മാസ്ക് വേണ്ടത്, പക്ഷേ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താതെ ഇക്കൂട്ടർക്ക് ഇരിക്കാനാകില്ല.
ഇനി വേണ്ടത്
1. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം ഉറപ്പാക്കാതെയും പൊതു ഇടങ്ങളിൽ ഇടപെടുന്നവർക്കെതിരെ നടപടി സ്വകരിക്കണം
2. വൻകിട സ്ഥാപനങ്ങളിലെ ഓഫർ തള്ളിക്കയറ്റത്തിന് പരിശോധന വേണം
3. ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ നടപടി ഉറപ്പാക്കണം
''
സാമൂഹിക അകലം ബസുകളിൽ ഉറപ്പാക്കണം. തൊട്ടടുത്ത സീറ്റിലിരിക്കുന്നയാൾ എവിടെ നിന്ന് വന്നതാണെന്ന് എങ്ങനെ അറിയും.? ഇക്കാര്യത്തിൽ സർക്കാർ അടിയന്തര പരിഹാരം കാണണം.
ഡി. ആരോമൽ, കൊല്ലം