മടങ്ങിയെത്തിയവരിൽ കൊവിഡ് 1.36 ശതമാനം
കൊല്ലം: ഓരോ ദിവസം പിന്നിടുന്തോറും ജില്ലയിൽ കൊവിഡ് ആശങ്ക കൂടുതൽ ഇരുണ്ട് കറുക്കുന്നു. പതിനായിരത്തോളം പ്രവാസികൾ മടങ്ങിയെത്തിയപ്പോൾ തന്നെ വിറങ്ങലിച്ച് നിൽക്കുന്ന ജില്ലയിലേക്ക് വീണ്ടും പതിനായിരങ്ങൾ വരാൻ കാത്തുനിൽക്കുകയാണ്. ഘട്ടംഘട്ടമായി ഇവരെത്തുന്നതോടെ കൊവിഡ് റെക്കോർഡുകൾ വീണ്ടും മാറിമറിയും. അന്യദേശങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങിയെത്തിവരിൽ 1.36 ശതമാനത്തിന് കൊവിഡ് സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ലോക്ക് ഡൗണിന് ശേഷം ഏകദേശം കാൽലക്ഷം പേർ വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് മടങ്ങിയെത്തിയെന്നാണ് കണക്ക്. 10,671 പ്രവാസികൾ മാത്രമെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളിലാണ് കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ തന്നെ ജില്ലയിലെ പല പ്രദേശങ്ങളും ഒന്നിലധികം തവണ കണ്ടെയ്ൻമെന്റ് സോണുകളായി. നീണ്ട ലോക്ക്ഡൗണിന് ശേഷം തുറന്ന വ്യാപാര സ്ഥാപനങ്ങൾ വീണ്ടും അടച്ചുപൂട്ടപ്പെട്ടു. ജനങ്ങൾ വീണ്ടും വീടുകളിലൊതുങ്ങി. മടങ്ങിയെത്തുന്ന പ്രവാസികളിൽ പലർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിൻ അവസാനിച്ച് വീട്ടിലെത്തിയ ശേഷമാണ് രോഗം സ്ഥരീകരിക്കുന്നത്. ഇത് കുടുംബാംഗങ്ങളിലേക്കും രോഗം പടർത്തുന്നു. കൂടുതൽ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ സ്ഥിതി ഏറെ സങ്കീർണമായി മാറും.
വീണ്ടും പ്രാദേശിക വ്യാപനം
പതിനൊന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ ഇന്നലെ പ്രാദേശിക വ്യാപനത്തിലൂടെ രണ്ട് പേർക്ക് കൊവിഡ് പടർന്നത് കണ്ടെത്തി. കൊട്ടാരക്കര പുലമൺ സ്വദേശിക്കും നീണ്ടകര സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം 23നാണ് ഇതിന് മുൻപ് ജില്ലയിൽ പ്രദേശിക വ്യാപനം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ളവരുമായി സമ്പർക്കം പുലർത്തിയ പുനലൂർ സ്വദേശിയായ കച്ചവടക്കാരനായിരുന്നു അത്. ഇതിനുശേഷം രോഗം സ്ഥിരീകരിച്ചവരെല്ലാം അന്യദേശങ്ങളിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരും അവരുടെ ബന്ധുക്കളുമായിരുന്നു. മറ്റ് ദേശങ്ങളിൽ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനേക്കാൾ ആശങ്ക ഉയർത്തുന്നതാണ് പ്രാദേശിക വ്യാപനം.
ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്: 393
അന്യദേശത്ത് നിന്നെത്തിയവർ: 356
നിലവിൽ ചികിത്സയിലുള്ളവർ:200
രോഗമുക്താരയവർ: 195
മരണം: 2
കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്
ജൂൺ 20: 24 പേർക്ക്
ജൂലായ് 3: 23 പേർക്ക്
കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ
പാരിപ്പള്ളി മെഡിക്കൽ കോളേജ് (സമ്പൂർണ കൊവിഡ് ആശുപത്രി),
വാളകം മേഴ്സി ഹോസ്പിറ്റൽ (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ)