kidnapping

കടയ്ക്കൽ: എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട അടുത്ത ബന്ധുക്കളായ മൂന്ന് യുവാക്കൾ ഡി.എൻ.എ പരിശോധനയിൽ കുടുങ്ങി. കടയ്ക്കൽ സ്വദേശി ഷിജു (31), സഹോദരൻ ഷിനു (26), ഇടത്തറ സ്വദേശി ജിത്തു (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 23 നാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം ഫലം പുറത്തുവന്നപ്പോഴാണ് മൂന്നോളം പേർ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനടക്കം ഇരയാക്കിയെന്ന് വ്യക്തമായത്. ബന്ധുക്കളെയും സംശയമുള്ള നാട്ടുകാരെയും ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും ലഭിച്ചിരുന്നില്ല. തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി കൈമാറുകയും സംശയമുള്ള ഏഴുപേരുടെ രക്തസാമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഫലം വന്നപ്പോൾ മൂന്ന് രക്തസാമ്പിളുകളും ആന്തരികാവയവങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളും തമ്മിലുള്ള ചേർച്ച സ്ഥിരീകരിച്ചു. തുടർന്ന് മൂവരെയും കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്ന പ്രതികൾ ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. മൂന്ന് പ്രതികളെയും മുൻപ് നിരവധി തവണ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നതാണ്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുൻപ് മുതൽ പീഡനം തുടങ്ങിയിരുന്നതായി പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

പെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം പ്രതികൾക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. പോക്സോ വകുപ്പും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.