kurumulak

 നാടൻ കുരുമുളക് ഉത്പാദനം കുറയുന്നു

കൊല്ലം: വിലയും വിളവും കരിഞ്ഞുവീണതോടെ ജില്ലയിലെ കുരുമുളക് കർഷകർ പ്രതിസന്ധിയിൽ. പ്രളയത്തിന് പിന്നാലെയെത്തിയ കൊടുംവേനലും കീടബാധയും രോഗങ്ങളുമാണ് കറുത്തപൊന്നിന്റെ
ഉത്പാദനം കുറച്ചത്.

വിളവെടുപ്പ് സമയത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആഭ്യന്തരവിപണിയിലും കുരുമുളകെടുക്കാൻ ആളില്ലാതാക്കി. കിലോഗ്രാമിന് കഷ്ടിച്ച് 300 രൂപ നിരക്കിൽ കച്ചവടം ക്ളോസ് ചെയ്തതോടെ കറുത്തപൊന്നിനൊപ്പം കർഷകരും കഷ്ടത്തിലായി.

ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ പത്തനാപുരം, പുനലൂർ, കുളത്തൂപ്പുഴ, തെൻമല, ആര്യങ്കാവ്, ഉറുകുന്ന്, അഞ്ചൽ, ഏരൂർ, കടയ്ക്കൽ, ചടയമംഗലം, കൊട്ടാരക്കര, എഴുകോൺ, പവിത്രേശ്വരം, നെടുവത്തൂർ, കുണ്ടറ, കല്ലട, കുന്നത്തൂർ, ചക്കുവള്ളി, ശൂരനാട്, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കുരുമുളക് സമൃദ്ധമായി കൃഷിചെയ്യുന്നത്. കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി താലൂക്കുകളിലും കുരുമുളക് കൃഷിയുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ അല്ലാത്തതിനാൽ ഇവിടങ്ങളിൽ ഉത്പാദനം കുറവാണ്.

'ഹൈറേഞ്ചി'ലേക്ക് നാടുകടത്തി

ഹൈറേഞ്ചും വയനാടും കഴിഞ്ഞാൽ ദക്ഷിണകേരളത്തിൽ ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കൊല്ലം. ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളാണ് കുരുമുളകിന്റെ കേന്ദ്രം. റബറിന്റെ കടന്നുവരവോടെ കുരുമുളക് ഉത്പാദനം നാലിലൊന്നായി ചുരുങ്ങി. നാണ്യവിളകളുടെ പട്ടികയിലാക്കി കുരുമുളകിനെ കൃഷിവകുപ്പ് ഹൈറേഞ്ചിലേക്ക് നാടുകടത്തിയതോടെ ജില്ലയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളും ഇല്ലാതായി. ഇതോടെ ഏതാനും വർഷങ്ങൾക്കകം ജില്ലയിൽ കുരുമുളകിനൊപ്പം ക‌ർഷകരും നാമമാത്രമായി.


ഉത്പാദനം വർദ്ധിപ്പിക്കാൻ കൃഷിഭവൻ

1. ലക്ഷ്യം കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കുക

2. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തൈകൾ വിതരണത്തിന്

3. അരലക്ഷത്തോളം തൈകൾ സൗജന്യം

4. ശേഷിക്കുന്നവ വള്ളി ഒന്നിന് എട്ടുരൂപ ക്രമത്തിൽ വിതരണം

5. തയ്യാറാക്കുന്നത് അഞ്ചൽ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചിറ്റുമൂല കൃഷിവകുപ്പ് തോട്ടങ്ങളിൽ

തയ്യാറാക്കുന്നത്:

5.5 ലക്ഷം തൈകൾ

നാടൻ കൃഷിരീതി

തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചാണ് കുരുമുളക് വള്ളികൾ നടുന്നത്. തിരിമുറിയാതെ പെയ്യുന്ന മഴയിലാണ് ഇവയുടെ പരാഗണവും. പറമ്പുകളിലും വീടുകളുടെ പരിസരത്തും പാങ്ങുകാലുകളിൽ രണ്ട് വള്ളികൾ വീതം നടാം. ദ്രുതവാട്ടം പോലുള്ള രോഗങ്ങൾ തടയാൻ സുഡോമൊണാസോ, ട്രൈക്കോഡർമ്മയോ കലർത്തിയ ലായനിയിൽ വള്ളികൾ അൽപ്പനേരം മുക്കിവച്ചശേഷം നടുന്നതാണ് ഉത്തമം. തൈകൾ കിളിർത്തുവന്നാൽ ആവശ്യത്തിന് ജൈവവളവും വേനൽക്കാലത്ത് മതിയായ ജലസേചനവും നൽകി പരിചരിച്ചാൽ രണ്ട് വർഷത്തിനകം വിളവെടുക്കാം.

പ്രതികൂല ഘടകങ്ങൾ

1. ഇറക്കുമതി

2. റബർകൃഷി

3. ദ്രുതവാട്ടം പോലുള്ള രോഗങ്ങൾ

4. വിലയിടിവ്

5. അമിത മഴയും കൊടും വേനലും

6. കർഷകരെ സംരക്ഷിക്കാൻ പദ്ധതികളില്ല

7. യഥാസമയം വിളവെടുക്കാൻ തൊഴിലാളികളില്ല

''

പ്രളയത്തിൽ കുരുമുളക് തോട്ടങ്ങൾ നശിച്ചതിന് പിന്നാലെ കൊടും വേനലിൽ കരിഞ്ഞുണങ്ങുക കൂടി ചെയ്തതോടെ വരും നാളുകളിൽ കുരുമുളക് ഉത്പാദനത്തിൽ കുറവുണ്ടാകും.

കർഷകർ