കൊട്ടാരക്കര: കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് പാതയിലാണ്. പക്ഷേ ചുറ്റുമതിലിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇടിഞ്ഞുവീഴാൻ നിൽക്കുന്ന മതിൽ സ്കൂളിന് തന്നെ നാണക്കേടാകുകയാണ്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് റസ്റ്റ് ഹൗസ് ഭാഗത്തേക്കുള്ള വശത്താണ് ചുറ്റുമതിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. വാഹനങ്ങളും കാൽനട യാത്രികരും തുടർച്ചയായി കടന്നുപോകുന്ന ജനത്തിരക്കുള്ള സ്ഥലമാണിത്. കരിങ്കല്ല് അടുക്കിയ കെട്ട് ഇടിഞ്ഞാൽ അപകടം സംഭവിക്കുമെന്ന് ഉറപ്പാണ്. സ്കൂൾ തുറന്നാൽ കുട്ടികൾ അപകടകരമായ കൽക്കെട്ടിന്റെ മുകൾ ഭാഗത്ത് വരാറുണ്ട്. നല്ല ഉയരമുള്ള കൽക്കെട്ടായതിനാൽ വലിയ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പലപ്പോഴും ഇതിന്റെ തൊട്ടുതാഴെയായി വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ശക്തമായ മഴ പെയ്താൽ ഇവിടം ഇടിഞ്ഞുവീണേക്കാം. സ്കൂൾ ഹൈടെക് ആകുന്നതിന്റെ ഭാഗമായി നിർമ്മിച്ച രണ്ട് ബഹുനില കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ ബ്ളോക്കുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. കാന്റീൻ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും ഉടൻ പൂർത്തിയാകും. ആ നിലയിൽ ഏറ്റവും മികച്ച കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമെത്തുമ്പോൾ അപകടാവസ്ഥയിലായ മതിൽ പൊളിച്ചുപണിയാനും അടിയന്തിര നടപടി വേണമെന്നാണ് പൊതു ആവശ്യം.
മതിൽ ഇടിയുന്നത് പതിവ്
സ്കൂളിന്റെ മതിലിന്റെ പല ഭാഗങ്ങളും മിക്കപ്പോഴും ഇടിഞ്ഞുവീണിട്ടുണ്ട്. വ്യാപാര ഭവന് അഭിമുഖമായ ഭാഗത്തെ പ്രവേശന കവാടമടക്കം നേരത്തെ ഇടിഞ്ഞുവീണിരുന്നു. ഇവിടെ പുതുക്കി പണിതു. അർബൻ ബാങ്കിന് അഭിമുഖമായ ഭാഗത്ത് മൂന്ന് തവണ മതിൽ ഇടിഞ്ഞുതള്ളിയിരുന്നു.