bus

തൊടിയൂർ: അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ യുവാവിനെ ടിക്കറ്റില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ അപമാനിച്ചതായി പരാതി. തൊടിയൂർ കല്ലേലിഭാഗം മഠത്തിനേത്ത് വീട്ടിൽ എസ്. ഷാരോണാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ പറയുന്നത്: അമ്മയ്ക്കും ഭിന്നശേഷിക്കാരിയായ സഹോദരിക്കും മരുന്ന് വാങ്ങാൻ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസിൽ കയറി പുള്ളിമാൻ ജംഗ്ഷനിലെത്തി. മരുന്ന് വാങ്ങി തിരികെ പോരാൻ കരുനാഗപ്പള്ളിക്കുള്ള ഓർഡിനറി ബസിൽ കയറി. ബസിൽ വച്ച് നേരത്തേയുള്ള യാത്രയിൽ ടിക്കറ്റെടുക്കാതെ മുങ്ങിയെന്ന് പറഞ്ഞ് കണ്ടക്ടർ അസഭ്യം പറയുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. എനിക്കിറങ്ങേണ്ട പൊലീസ് സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ ഇറക്കാതെ സ്റ്റാൻഡിൽ കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ സ്റ്റേഷൻ മാസ്റ്ററുടെ മുന്നിലെത്തിച്ചു.

യാത്ര ചെയ്ത മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലെയും ടിക്കറ്റുകളുടെ പകർപ്പ് പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.