karikkuzhi
കോറക്കാട് പടർന്നുകിടക്കുന്ന കാരിക്കുഴി ഏലാ

കൊല്ലം: ഇരവിപുരം കാരിക്കുഴി ഏലാ പൊന്നാര്യൻ പാടമാക്കാൻ നഗരസഭയുടെ പദ്ധതി. ഏലായുടെ ദുഃസ്ഥിതി മാറ്റാൻ നഗരസഭ 1.15 കോടി രൂപയാണ് വാർഷിക പദ്ധതിയിൽ നീക്കിവച്ചിരിക്കുന്നത്.

കാരിക്കുഴി വലിയതോട്ടിൽ വെള്ളം കെട്ടിനിറുത്തി കൃഷി ആവശ്യത്തിന് പാടത്തേക്ക് ഒഴുക്കാൻ നാല് തടയണകളുടെ നിർമ്മാണം, ഏലായ്ക്കുള്ളിൽ വർഷങ്ങളായി നികന്നുകിടക്കുന്ന തോടുകൾ തെളിച്ച് പാർശ്വഭിത്തി നിർമ്മാണം, കാരിക്കുഴി വലിയ തോടിന്റെ സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണം, തോടുകളുടെ ആഴംകൂട്ടൽ എന്നിവയ്ക്കാണ് പണം വകയിരുത്തിയിരുത്തിയിരുക്കുന്നത്.

പരവൂർ കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ 60 ലക്ഷം രൂപ ചെലവഴിച്ച് കാരിക്കുഴി തോടിന്റെ കുറുകെ തടയണയുടെ നിർമ്മാണം അന്തിമഘത്തട്ടിലാണ് ഇനി ഷട്ടർ സ്ഥാപിക്കൽ മാത്രമാണ് ബാക്കിയുള്ളത്. 1.20 കോടി രൂപ ചെവഴിച്ച് അടുത്തിടെ കാരിക്കുഴി വലിയ തോടിന്റെ വലിയൊരു ഭാഗം സംരക്ഷണഭിത്തി പുനർനിർമ്മിച്ചിരുന്നു.

 ഉപ്പുവെള്ളം ശാപമായി

താന്നി കായിലിൽ നിന്ന് ഉപ്പുവെള്ളം കയറിത്തുടങ്ങിയതോടെയാണ് കാരിക്കുഴി ഏലായുടെ കഷ്ടകാലം തുടങ്ങിയത്. നടുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞാറ് അഴുകിത്തുടങ്ങാൻ ഇത് കാരണമായി. മഴയത്ത് കുത്തിയൊലിച്ചുവരുന്ന ഉപ്പുവെള്ളം തടയാൻ കർഷകർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. വിളവെത്താറായ നെൽച്ചെടികൾ ഉപ്പുവെള്ളം കയറി തുടർച്ചയായി അഴുകിയതോടെ ഇവിടത്തുകാർ കൃഷി ഉപേക്ഷിച്ചു.

തരിശായ പാടം പിന്നീട് തുണ്ടുതുണ്ടായി മുറിച്ച് വിൽക്കാൻ തുടങ്ങി. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഏകദേശം അഞ്ഞൂറ് ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ഏലാ ഇന്ന് പല സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായി 150 ഏക്കർ മാത്രമാണ് അവശേഷിക്കുന്നത്.

 വെട്ടിനിരത്തുമോ ഈ പദ്ധതി ?

സുഭിക്ഷ കേരള പദ്ധതിക്കായി നിലവിലെ വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്ന കൂട്ടത്തിൽ കാരിക്കുഴി ഏലയ്ക്കായി നീക്കിവച്ച പണം വെട്ടുമോയെന്ന ആശങ്കയുണ്ട്. 2018- 19 വർഷത്തെ വാർഷിക പദ്ധതിയിൽ ഒരു കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു പദ്ധതിക്കായി വകമാറ്റിയിരുന്നു. സുഭിക്ഷ കേരളം പദ്ധതിക്കായി പാടം കൃഷി യോഗ്യമാക്കാനുള്ള പദ്ധതി വെട്ടിനിരത്തിയാൽ വലിയ വിരോധാഭാസവുമായിരിക്കും.

" 1990 മുതൽ കാരിക്കുഴി ഏലാ കൃഷിയോഗ്യമാക്കാൻ കർഷകരോടൊപ്പം നിന്ന് പരിശ്രമിക്കുകയാണ്. സുഭിക്ഷ കേരള പദ്ധതിയുടെ കാലത്തെങ്കിലും ഇപ്പോഴത്തെ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഏലാ നാശത്തിലേക്ക് നീങ്ങും.

വി.എസ്. പ്രിയദർശൻ (നഗരസഭ, നഗരസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)