ഇരവിപുരം: അന്തർജില്ലാ ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് നടുവിലക്കര സിംലാ മൻസിലിൽ സുൽഫി (30) ആണ് അറസ്റ്റിലായത്. ആക്കോലിൽ നഗർ 130 തുഷാരയിൽ സുജേഷിന്റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ ഇയാൾ പിടിയിലായത്.
കിണർ വൃത്തിയാക്കുന്നതിനും കൂലിപ്പണികൾക്കുമായി വീടുകളിലെത്തുന്ന സംഘം പുരയിടത്തിലെ ചന്ദനമരം ഉൾപ്പടെയുള്ള മരങ്ങളുടെ വിവരം മനസിലാക്കിയ ശേഷം വിലയ്ക്ക് ആവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോൾ മരങ്ങൾ മുറിച്ചുകടത്തുകയുമാണ് പതിവ്. തടികൾ ചെറുകഷണങ്ങളാക്കി ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ച ശേഷം അന്തർസംസ്ഥാന ബന്ധമുള്ള സംഘങ്ങൾക്ക് കൈമാറുകയാണ് പതിവ്.