
കായംകുളത്ത് സമൂഹവ്യാപന ഭീഷണി, ഓച്ചിറയിൽ നിരീക്ഷണം
ഓച്ചിറ: ജില്ലാ അതിർത്തിയായ ഓച്ചിറയോട് ചേർന്നുകിടക്കുന്ന കായംകുളം മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യപിച്ചതോടെ ഓച്ചിറയിലും സമീപപ്രദേശങ്ങളിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കി. കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി കുറത്തികാട് മാർക്കറ്റിൽ മത്സ്യം വിതരണം ചെയ്തയാൾക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കൊവിഡ് വ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. തുടർന്ന് കായംകുളം പച്ചക്കറി മാർക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. പച്ചക്കറി വ്യാപാരിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇരുപതുപേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നതോടെയാണ് കായംകുളം മുനിസിപ്പാലിറ്റിയെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
കായംകുളം മാർക്കറ്റിൽ നിന്നാണ് ഓച്ചിറയിലേയും സമീപ പ്രദേശങ്ങളിലേയും വ്യാപാരികൾ പച്ചക്കറി വാങ്ങുന്നത്. മാർക്കറ്റ് അടച്ചതിനാൽ ഓച്ചിറയിലെ വിവിധ സ്ഥലങ്ങളിൽ ലോഡിറക്കി ചില്ലറ വ്യാപാരം നടത്തുകയാണ്. കായംകുളം പ്രദേശത്തുനിന്നുമുള്ള കച്ചവടക്കാരും ഓച്ചിറയിൽ എത്തുന്നുണ്ട്. അങ്ങനെയുള്ളവർക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിട്ടുണ്ട്. കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ ബന്ധുക്കളുമായി ഇടപഴകിയ ഓച്ചിറയിലെ ബന്ധുക്കളും നിരീക്ഷണത്തിലാണ്.
അഴീക്കൽ ഹാർബർ അടച്ചു
ട്രോളിംഗ് നിരോധനത്തെ തുടർന്ന് ഏറ്റവും കൂടുതൽ മത്സ്യ ബന്ധന വള്ളങ്ങൾ അടുത്തിരുന്ന അഴീക്കൽ ഹാർബർ കൊല്ലം ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം താത്കാലികമായി അടച്ചു. ഇവിടെ നിന്ന് മത്സ്യ ബന്ധത്തിന് പോയ ആറാട്ടുപുഴ സ്വദേശിയുടെ അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളും കൂടെയുള്ള മറ്റ് തൊഴിലാളികളും ഹാർബറിലും കാന്റീനിലും നിരവധി ആൾക്കാരുമായി ഇടപഴകിയെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
''
ഓച്ചിറയിൽ ദേശീയപാതയിൽ വാഹന പരിശോധന ഉൾപ്പെടെയുള്ള നിരീക്ഷണം ശക്തമാക്കി.
ഡോ. സുനിൽ, മെഡിക്കൽ ഓഫീസർ
സാമൂഹിക ആരോഗ്യ കേന്ദ്രം ഓച്ചിറ
''
കടകൾ അടച്ച് സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി.
ആർ. പ്രകാശ്, ഇൻസ്പെക്ടർ ഒഫ് പൊലീസ്, ഓച്ചിറ