appu-

കൊല്ലം: തെരുവ് നായ്ക്കളെന്ന് കേൾക്കുമ്പോഴേ ആട്ടിയോടിക്കാറാണ് പതിവെങ്കിലും കാമറകളോ കാവലിന് സെക്യൂരിറ്റിയോ ഇല്ലാത്ത മാർക്കറ്റിലെ കടകളുടെയും പരിസരത്തെ വീടുകളുടെയും പ്രധാന കാവലാളാണ് നാലുവയസുകാരനായ അപ്പു. തഴവ ഗ്രാമപഞ്ചായത്തിലെ കുതിരപ്പന്തി ചന്തയിൽ കച്ചവടക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയാണ് ഇന്ന് അപ്പുവെന്ന തെരുവുനായ!.

അപരിചിതർ മാർക്കറ്റിലെത്തിയാൽ നിരീക്ഷിക്കാൻ അപ്പുവെത്തും. അടച്ചിട്ടിരിക്കുന്ന കടകൾ തുറക്കാൻ ശ്രമിച്ചാൽ അപ്പുവിന്റെ വിധം മാറും. അവർക്ക് നേരെ കുരച്ച് ചാടും. പിന്മാറാൻ കൂട്ടാക്കിയില്ലെങ്കിൽ കടി ഉറപ്പാണ്. രാവിലെ കടതുറക്കാനെത്തുമ്പോൾ അപ്പു ഹാജരാകും. കട ഉടമയെ മണത്ത് വാലാട്ടി നന്ദി പ്രകടിപ്പിക്കും. ഉടമയല്ലാതെ മറ്റാരെങ്കിലും കട തുറക്കാൻ ശ്രമിച്ചാൽ അവരെ കുരച്ചോടിക്കും. ഓരോ കടയ്ക്കും മുന്നിലുമെത്തി സ്നേഹപ്രകടനങ്ങൾ നടത്തുന്നതിനിടെ ഇഷ്ടം തോന്നുന്നവർ അപ്പുവിനെന്തെങ്കിലും കഴിക്കാൻ നൽകും. ദോശയോ പൊറോട്ടയോ വടയോ എന്തായാലും സന്തോഷത്തോടെ അകത്താക്കും. ഉച്ചയാകുമ്പോൾ പരിസരത്തെ വീട്ടിലെത്തി തന്റെ പങ്ക് അകത്താക്കും. മൃഗസംരക്ഷണ വകുപ്പ് ജനന നിയന്ത്രണ പദ്ധതിക്ക് വിധേയനാക്കാനായി (എ.ബി.സി പദ്ധതി)​ അപ്പുവിനെ ഒരിക്കൽ ഇവിടെ നിന്ന് കൊണ്ടുപോയിരുന്നു. ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകാനെത്തിയ പിക്കപ്പ് വാഹനത്തിന്റെ മോഡലുകൾ റോഡിൽ എപ്പോൾ കണ്ടാലും അപ്പു അതിന് നേരെ കുരച്ച് ചാടും. നാട്ടുകാരോടുള്ള ചങ്ങാത്തത്തിനും നന്ദിയ്ക്കുമപ്പുറം നാടിന്റെ കാവലാൾ കൂടിയായതോടെ കുതിരപ്പന്തിയിൽ അപ്പുവിന്റെ ആരാധകരാണ് എല്ലാവരും.

ചന്തയിലെത്തിയിട്ട് നാല് വർഷം

നാല് വർഷം മുമ്പ് കുഞ്ഞായിരുന്നപ്പോൾ ചന്തയിൽ ആരോ ഉപേക്ഷിച്ചതാണ് അപ്പുവിനെ. ചന്തയിലെ ചായക്കടയിൽ നിന്നും പരിസരത്തെ രണ്ട് വീടുകളിൽ നിന്നുമുള്ള ആഹാരമായിരുന്നു അവന്റെ ആശ്രയം. അപ്പു ക്രമേണ കച്ചവടക്കാരുമായും ചന്തയിൽ വന്നുപോകുന്നവരുമായും ഇണക്കത്തിലായി. ഇഷ്ടം മൂത്ത കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ബിസ്കറ്റും പലഹാരങ്ങളും നൽകി അവനെ അടുപ്പക്കാരനാക്കി. കച്ചവടക്കാരും വ്യാപാരികളുമാണ് അവന് അപ്പുവെന്ന ചെല്ലപ്പേരിട്ടത്.

യാത്രക്കാർക്ക് പേടി വേണ്ട,

ഫ്രീക്കന്മാർ ജാഗ്രതൈ!

രാത്രിവരെ വിവിധ കടകളുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചുകൂട്ടുന്ന അപ്പു സാധനങ്ങൾ വാങ്ങാനെത്തുന്നവരെയോ വഴിയാത്രക്കാരെയോ ഉപദ്രവിച്ച ചരിത്രം ഇന്നേവരയില്ല. സമീപത്തെ എൽ.പി സ്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികൾക്കും അപ്പു കൗതുകമാണ്. എന്നാൽ ഇരുചക്രവാഹനങ്ങളിൽ അമിത വേഗത്തിൽ പോകുന്ന ഫ്രീക്കൻന്മാരെ അപ്പു വെറുതേ വിടാറില്ല. ബൈക്കിനേക്കാൾ വേഗത്തിൽ അവർക്കൊപ്പം പായുന്ന അപ്പുവിനെ ഭയന്ന് ഫ്രീക്കൻമാർ ഇതുവഴി മര്യാദയ്ക്കാണ് യാത്ര.