police

 ഉറവിടം കണ്ടെത്താനാകാതെ കൊവിഡ് കേസുകൾ

കൊല്ലം: ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കൊല്ലം നഗരത്തിലുൾപ്പെടെ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. കൊല്ലം കോർപ്പറേഷനിലെ മുളങ്കടകം ഡിവിഷൻ, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മുസ്ലീം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ്, പുലമൺ ടൗൺ, മേലില പഞ്ചായത്തിലെ 15-ാം വാർഡ് എന്നിവിടങ്ങളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

തൃക്കോവിൽവട്ടം പഞ്ചായത്തിലെ 6, 7, 9 വാർഡുകൾ, ഇട്ടിവ പഞ്ചായത്തിലെ 17-ാം വാർഡ്, പുനലൂർ മുനിസിപ്പാലിറ്റിയിലെ ചെമ്മന്തൂർ, മുസാവരി, നെടുങ്കയം, ചാലക്കോട് ടൗൺ, തേവലക്കര പഞ്ചായത്തിലെ എട്ടാം വാർഡ്, തെന്മല പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ തുടരും.

കൊട്ടാരക്കര നഗരം പൂർണമായും പൊലീസ് വലയത്തിലാണ്. കണ്ടെയ്മെന്റ് സോണുകൾക്ക് അകത്തേക്കും സോണുകളിൽ നിന്ന് പുറത്തേക്കും യാത്ര അനുവദിക്കില്ല. ബാരിക്കേഡുകൾ ഉപയോഗിച്ച് ഇടറോഡുകൾ പൂർണമായും അടച്ചു.

നിയന്ത്രണങ്ങളിങ്ങനെ

1. പാതുസ്ഥലങ്ങളിൽ മൂന്നുപേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ല

2. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം രണ്ട് ഉപഭോക്താക്കൾ മാത്രം

3. വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല

4. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം

5. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരരുത്

6. വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടം കർശനമായി നിരോധിക്കും