cow

 പശുക്കളിൽ രോഗം പടരുന്നു; മനുഷ്യരിലേക്ക് പടരില്ലെന്ന്

കൊല്ലം: പശുക്കളിലും കിടാരികളിലും പടർന്നുപിടിക്കുന്ന ചർമ മുഴ രോഗം (ലിംഫ് സ്‌കിൻ ഡിസീസ് ) കൊവിഡ് കാലത്ത് കർഷകർക്ക് ആശങ്കയാകുന്നു. ഈച്ചകളിൽ കൂടിയാണ് വൈറസ് രോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച പശുക്കളുടെ വ്രണങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളാണ് രോഗവാഹകർ.

പശുക്കളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നൽകുന്ന വിശദീകരണം. ആലപ്പുഴ ജില്ലയിലുടെ വിവിധ ഭാഗങ്ങളിലാണ് ആദ്യം രോഗം കാണപ്പെട്ടത്. ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ ഭാഗങ്ങളിലും കിഴക്കൻ മേഖലയിലും കൊല്ലം നഗര പരിധിയിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗം ബാധിച്ച പശുക്കൾക്ക് കർഷകർ ചികിത്സ ഉറപ്പാക്കുന്നുണ്ടെങ്കിലും രോഗം മാറാനുള്ള കാല താമസം കാലികളെ വലയ്ക്കുന്നുണ്ട്. രോഗം വരാതിരിക്കാൻ കർഷകർ പശുക്കൾക്ക് പ്രതിരോധ വാക്‌സിനുകളും നൽകുന്നുണ്ട്.

പാൽ ഉപയോഗിക്കാം

രോഗം ബാധിച്ച പശുവിന്റെ പാൽ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ നിലപാട്. വൈറസുകളാണ് ചർമ്മ മുഴ രോഗ ബാധയ്‌ക്ക് കാരണം. രോഗ ലക്ഷണം കണ്ടാൽ ഉടനടി ചികിത്സ തേടണം. സെക്കൻഡറി വ്യാപനം തടയാൻ അഞ്ചുദിവസം വരെ മരുന്ന് കൊടുക്കണം.

ചർമ മുഴ ബാധിക്കുന്നതിങ്ങനെ

1. പശുക്കളുടെ ശരീരത്തിൽ വട്ടത്തിൽ ചെറിയ മുഴകൾ രൂപപ്പെടുന്നതോടെയാണ് രോഗം പ്രത്യക്ഷപ്പെടുന്നത്

2. ഇത്തരം മുഴകളാകെ പഴുത്ത് പൊട്ടി വ്രണമാകും

3. ശരീരത്തിന് പുറത്തുള്ള വ്രണങ്ങൾ അതേ തരത്തിൽ വായ്‌ക്കുള്ളിലും ശരീരത്തിനകത്തുമുണ്ടാകും

4. പനിയും വേദനയും പശുക്കൾക്ക് വിട്ടുമാറില്ല

5. വേദനയും പനിയും കാരണം പശു തീറ്റയെടുക്കുന്നത് കുറയും

6. പാലിന്റെ അളവിൽ വലിയ കുറവുണ്ടാകും

7. പതിയെ കിടാരിയെയും രോഗം ബാധിക്കും

''

രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടണം. ഈച്ചകളെ ഒഴിവാക്കാൻ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

മൃഗ സംരക്ഷണ വകുപ്പ്

"

രോഗം പശുക്കളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വേദനയും പനിയും കാരണം തീറ്റയെടുക്കാത്തതിനാൽ പാലിന്റെ അളവും കുറഞ്ഞു.

കർഷകൻ, മൈനാഗപ്പള്ളി