പണപ്പെട്ടി കാലിയാക്കി കൊവിഡ് വാർഡിലെ ചെലവ്
കൊല്ലം: ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികളുടെയും എൻ.എച്ച്.എം അടക്കമുള്ള സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പണപ്പെട്ടി കാലിയാക്കി കൊവിഡ് ചെലവ് ഉയരുന്നു. ജില്ലയിലെ സമ്പൂർണ കൊവിഡ് സെന്ററായ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിന്റെ പ്രവർത്തനത്തിന് ഒരു ദിവസം 15 മുതൽ 20 ലക്ഷം രൂപ ചെലവാകുന്നുവെന്നാണ് ഏകദേശ കണക്ക്.
പരിചരിക്കുന്ന ഡോക്ടർ, നഴ്സ് എന്നിവരുടെ ശമ്പളം, ഇവർ ധരിക്കുന്ന പി.പി.ഇ കിറ്റ്, പരിശോധനാ ചെലവ്, മരുന്ന്, ഭക്ഷണം എന്നിവ സഹിതം ഒരു കൊവിഡ് ബാധിതന്റെ ചികിത്സയ്ക്ക് പ്രതിദിനം പതിനായിരം രൂപ വീതമാണ് ചെലവ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിലുള്ള രണ്ട് രോഗികൾക്ക് മാത്രം അടുത്തിടെ ഒന്നരലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്ന് നൽകിയിരുന്നു. ചികിത്സയിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് പുറമേ ധരിക്കാനുള്ള വസ്ത്രങ്ങളും സൗജന്യമായാണ് നൽകുന്നത്.
വിദേശത്ത് നിന്ന് എത്തുന്നവരെ ക്വാറന്റൈൻ സെന്ററുകളിലെത്തിക്കാനും കൊവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിൽ എത്തിക്കാനും മാത്രം 20 ആംബുലൻസുകൾ എല്ലാ ദിവസവും തലങ്ങും വിലങ്ങും ഓടുകയാണ്. ലോക്ക് ഡൗൺ ആശ്വാസ പ്രവർത്തനങ്ങൾ കൊവിഡ് പ്രതിരോധ ബോധവത്കരണം, സുരക്ഷാ മുന്നൊരുക്കങ്ങൾ എന്നിവയുടെ ഭാഗമായും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വൻതുക ചെലവായിട്ടുണ്ട്.
പ്രതിദിന ചെലവ്
കൊവിഡ് വാർഡ്: 15 - 20 ലക്ഷം
കൊവിഡ് ബാധിതൻ: 10,000 രൂപ
അധിക ജീവനക്കാർക്ക് പ്രതിമാസം അരക്കോടി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 380 പേരെ താത്കാലികമായി നിയമിച്ചിരുന്നു. ഇതിൽ 290 പേർ ഇപ്പോൾ ജോലി ചെയ്യുന്നു. ഇവരുടെ ശമ്പളം ഇനത്തിൽ മാത്രം പ്രതിമാസം 50 ലക്ഷം രൂപയാണ് ചെലവ്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ നിന്നാണ് ഇവർക്കുള്ള ശമ്പളം നൽകുന്നത്. വിവിധ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഒരുക്കൽ, അടിയന്തര മരുന്ന് വാങ്ങൽ എന്നിവയ്ക്ക് ആരോഗ്യ കേരള പദ്ധതിയിൽ നിന്ന് ഏകദേശം ആറ് കോടിയോളം രൂപ ഇതുവരെ ചെലവായി.
തസ്തിക, നിയമിച്ചവരുടെ എണ്ണം, പ്രതിമാസ ശമ്പളം
ഡോക്ടർ - 32 - 41,000
സ്റ്റാഫ് നഴ്സ് - 69 - 17,000
ഹെൽത്ത് ഇൻസ്പെക്ടർ - 40 - 14,000
ജെ.പി.എച്ച്.എൻ - 51 - 14,000
ഇതിന് പുറമേ 450 രൂപ ദിവസവേതനത്തിൽ ആശുപത്രികളിൽ ശുചീകരണ തൊഴിലാളികളെയും അധികമായി നിയമിച്ചിട്ടുണ്ട്
ആശാപ്രവർത്തകർക്ക് ഒരുകോടി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആശാ പ്രവർത്തകർക്ക് അധികമായി പ്രഖ്യാപിച്ച ഹോണറേറിയം ഫെബ്രുവരി മുതൽ ജൂൺ വരെ നൽകിയ ഇനത്തിൽ മാത്രം എൻ.എച്ച്.എം ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഇതുവരെ ചെലവായി. ജില്ലയിൽ രണ്ടായിരം ആശാ പ്രവർത്തകരാണുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എൻ.എച്ച്.എം ജീവനക്കാർക്കും പ്രത്യേക അലവൻസ് നൽകുന്നുണ്ട്.