phot
പുനലൂർ നഗരസഭയുടെ ഏഴ് നിലയുളള ഷോപ്പിംഗ് കോപ്ലക്സിൻെറ നവീകരണ ജോലികൾ അനിശ്ചിതത്വത്തിലായ നിലയിൽ

പുനലൂർ നഗരസഭയിലെ ഷോപ്പിംഗ് കോംപ്ളക്സ് നവീകരിക്കാൻ ഇനിയും കോടികൾ വേണം

പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിൽ പട്ടണ മദ്ധ്യത്ത് സ്ഥിതി ചെയ്യുന്ന ഏഴ് നില ഷോപ്പിംഗ് കോംപ്ലക്സിന്റെ നവീകരണം നിലച്ചിട്ട് മാസങ്ങൾ. മൂന്ന് വർഷം മുമ്പാണ് നവീകരണ ജോലികൾ ആരംഭിച്ചത്.കാൽ നൂറ്റാണ്ട് മുമ്പ് കോടികൾ ചെലവഴിച്ചായിരുന്നു ഷോപ്പിംഗ് കോംപ്ലക്സ് പണിതത്.

നിർമ്മാണത്തിലെ അപാകതയെ തുടർന്ന് തകർച്ചയിലായ കെട്ടിട സമുച്ചയം 4.25 കോടി ചെലഴിച്ചാണ് നവീകരിക്കാൻ പദ്ധതിയിട്ടത്.എന്നാൽ ഫണ്ടിന്റെ അഭാവം കാരണം ഏഴ് മാസം മുമ്പ് നവീകരണ ജോലികൾ ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങി. അന്ന് 1.40 കോടിയോളം രൂപ കരാറുകാരന് കുടിശികയായി നൽകാനുണ്ടായിരുന്നു. 2.50കോടിയോളം രൂപ കൂടി ചെലവഴിച്ചാലെ നവീകരണ ജോലികൾ പൂർത്തിയാക്കാൻ കഴിയൂ എന്നായിരുന്നു അധികൃതർ അന്ന് അറിയിച്ചത്. 75 ശതമാനത്തോളം പണികൾ പൂർത്തിയാക്കിയ കെട്ടിടത്തിൽ ലിഫ്റ്റ്, പ്ലംബിംഗ്, ഇലട്രിക് അടക്കമുളള നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടില്ല. ദേശിയ പാതക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ഏറ്റവും അടിയിലത്തെ നിലയിൽ വ്യാപാരശാലകളും, മറ്റ് ആറ് നിലകളിലായി 80 ഓളം മുറികളുണ്ടായിരുന്നു. ഇവിടെ ബാങ്ക്,സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വർഷങ്ങളായി വാടകക്ക് പ്രവർത്തിച്ച് വരികയായിരുന്നു. എല്ലാ സ്ഥാപനങ്ങളും ഒഴിപ്പിച്ച ശേഷമാണ് നവീകരണ ജോലികൾ ആരംഭിച്ചത്. എന്നാൽ നവീകരണ ജോലികൾ അനന്തമായി നീണ്ട് പോകുന്നത് കാരണം ഇതിന്റെ വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭ നേരിട്ടു കൊണ്ടിരിക്കുന്നത്.രണ്ട് വർഷത്തിനുളളിൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഷോപ്പിംഗ് കോപ്ലക്സ് നാടിന് സമർപ്പിക്കുമെന്നായിരുന്നു അധികൃതർ അന്ന് പറഞ്ഞത്.

നവീകരണം 4.25 കോടി യോളം രൂപ ചെലഴിച്ച്

പണികൾ പൂർത്തിയായത് 75 %

പൂർത്തിയാക്കാൻ വേണ്ടത് 2.50 കോടിയോളം

വാടകയ്ക്ക് നൽകിയിരുന്നത് 80 ഓളം മുറികൾ

ഇനിയും കോടികൾ വേണം

ഉടൻ കരാറുകാരെ നേരിൽ കാണും . 15 ലക്ഷം രൂപ മാത്രമെ കുടിശികയായി കരാറുകാരന് നൽകാനുളളു. ഇനിയും കോടികൾ ചെലവഴിച്ചാൽ മാത്രമെ നവീകരണ ജോലികൾ പൂർത്തിയാക്കാൻ കഴിയൂ.

പുനലൂർ നഗരസഭ ചെയർമാൻ,

അഡ്വ.കെ.എ.ലത്തീഫ്