കൊല്ലം: ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ ടി.വി ചലഞ്ച് ഏറ്റെടുത്ത് ആറാം ക്ലാസുകാരിക്ക് പുത്തൻ ടി.വി സമ്മാനിച്ച് യൂത്ത് കോൺഗ്രസ്. മുൻ എസ്.എഫ്.ഐ നേതാവും കേരള സർവകലാശാല സെനറ്റ് അംഗവുമായ അഞ്ചാലുംമൂട് സ്വദേശി ജിദ്ദു കെ. മധുവിന്റെ വാട്സ്ആപ്പ് അഭ്യർത്ഥനയിലൂടെയാണ് നിർദ്ധനയായ പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിന് ടി.വി ലഭിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് ജിദ്ദു അഞ്ചാലുംമൂട് തൃക്കരുവയിലെ സഹോദരിയുടെ വീടിനടുത്തുള്ള ആറാം ക്ലാസുകാരി നന്ദനയ്ക്ക് ടി.വി ആവശ്യപ്പെട്ട് സ്റ്റാറ്റസ് ഇട്ടത്. 'ഒരു ടി വി വേണം, പുതിയത് വേണമെന്നില്ല. ഒരു കുട്ടിക്ക് പഠിക്കാൻ വേണ്ടിയാണ്'. എന്നായിരുന്നു സ്റ്റാറ്റസ്. സഹപ്രവർത്തകർ പലരും സ്റ്റാറ്റസ് കണ്ടെങ്കിലും പ്രതികരിച്ചില്ല. പക്ഷെ കെ.എസ്.യു നേതാക്കൾ ജിദ്ദുവിനെ ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്,യു പ്രവർത്തകർ ടി.വിയുമായി നന്ദനയുടെ വീട്ടിലെത്തി. നേതാക്കളായ കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, ശരത് മോഹൻ, ജി.കെ. അനന്തു തുടങ്ങിയവരും പങ്കെടുത്തു.