രോഗത്തിന്റെ ഉത്ഭവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
കരുനാഗപ്പള്ളി: കന്നുകാലികളിൽ പടർന്ന് പിടിക്കുന്ന വൈറസ് രോഗം ക്ഷീരകർഷകരെ ആശങ്കയിലാക്കുന്നു. താലൂക്കിൽ ആകമാനം കന്നുകാലികളിൽ രോഗം പടന്ന് പിടിക്കുകയാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നതാണ് ക്ഷീരകർഷകരുടെ പരാതി.
മൃഗ സംരക്ഷണ വകുപ്പിലെ ഡോക്ടർമാർ വന്ന് പശുക്കളെ പരിശോധിച്ച് മരുന്നുകൾ നൽകുന്നുണ്ടെക്കിലും രോഗത്തിന് ശമനമില്ലെന്ന് കർഷകർ പറയുന്നു. വിലപിടിപ്പുള്ള മരുന്നുകളാണ് നൽകുന്നത് .രോഗം കൃത്യമായും കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. അലോപ്പതി മരുന്നിന് രോഗത്തെ പ്രതിരോധിക്കാൻ കഴിയാത്തതിനാൽ പല ക്ഷീര കർഷകരും ഇപ്പോൾ പശുക്കൾക്ക് ഹോമിയോ മരുന്നുകൾ നൽകി തുടങ്ങിയിട്ടുണ്ട്. കറവ മാടുകളെ ആശ്രയിച്ച് കഴിയുന്ന കർഷകരാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. പാലിന്റെ അളവ് കുറഞ്ഞതോടെ വരുമാനത്തിലും കുറവ് വന്നതായി ക്ഷീര കർഷകൻ മരുതൂർക്കുളങ്ങര താന്നിയ്ക്കൽ സദാശിവൻപിള്ള പറയുന്നു. സദാശിവൻപിള്ളക്ക് 7 കറവപ്പശുക്കളാണ് ഉള്ളത് ഇതിൽ 4 എണ്ണത്തിനും രോഗം പിടിപെട്ടു കഴിഞ്ഞു. രോഗത്തിന്റെ ഉത്ഭവം കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
രോഗലക്ഷണങ്ങൾ
പശുക്കളുടെ വായിലൂടെ നുരയും പതയും പുറത്തേക്ക് ഒഴുകുന്നതോടൊപ്പം ശരീരത്തിൽ ചെറിയ നുണലുകൾ പോലെ പൊങ്ങിയിട്ട് വ്രണങ്ങളായി മാറുന്നു. രോഗം പിടിപെട്ടു കഴിഞ്ഞാൽ പശുക്കൾ തീറ്റ എടുക്കാൻ വിമുഖത കാട്ടുന്നു. കറവപ്പശുക്കളിലാണ് രോഗം വരുന്നതെങ്കിൽ കറവ പൂർണ്ണമായും നിലക്കുന്നു.