prathi-ashiek
ആഷിക്ക്

ഇരവിപുരം: വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കൊട്ടിയം പറക്കുളം അൽമനാമ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മൻസിലിൽ ആഷിക്ക് (22) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ഇരവിപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയുമായി സമൂഹമാദ്ധ്യമത്തിലൂടെ സൗഹൃദത്തിലാകുകയും ആളില്ലാതിരുന്ന സമയം വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.സി.പി എ. സന്തോഷിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുണ്ടറ പടപ്പക്കരയിലെ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനായി. ഇവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് വീടിന്റെ ടെറസിന് മുകളിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇരവിപുരം സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ കേസുകളിലെ പ്രതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ലഭിച്ചതിനാൽ ഇയാൾക്ക് മറ്റു സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഇരവിപുരം എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ സന്തോഷ്, എ.എസ്.ഐ ഷിബു പീറ്റർ, ഗ്രേഡ് എ.എസ്.ഐ രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.