lori
നെടുങ്ങോലം ഒഴുകുപാറ ജംഗ്ഷനിൽ അന്യസംസ്ഥാനത്ത് നിന്ന് ലോറിയെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായെത്തിയ നാട്ടുകാരെ പൊലീസ് പിന്തിരിപ്പിക്കുന്നു

 പൊതുപ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

ചാത്തന്നൂർ: കൊവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് അന്യസംസ്ഥാനത്ത് നിന്ന് കന്നുകാലികളുമായി ലോറിയെത്തിയ സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം.

ഇന്നലെ രാവിലെ പത്ത് മണിയോടെ നെടുങ്ങോലം ഒഴുകുപാറ ജംഗ്ഷനിലാണ് സംഭവം. മുപ്പത്തിയഞ്ചോളം പോത്തുകുട്ടികളുമായി പോളച്ചിറ ആമ്പയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കൊപ്രാ മില്ലിലേക്കാണ് രാജസ്ഥാൻ രജിസ്ട്രേഷനുള്ള ലോറിയെത്തിയത്. പാറയിൽ ജംഗ്ഷനിൽ വച്ച് ലോറി ബ്രേക്ക് ഡൗണായതിനെ തുടർന്ന് ലോറിയിലെ ജീവനക്കാരായ നാല് രാജസ്ഥാൻ സ്വദേശികൾ സമീപത്തെ കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തി.

മാസ്‌ക് പോലും ധരിക്കാതെ ഒഴുകുപാറ ജംഗ്ഷനിലെ ബേക്കറികളിലും മറ്റും കയറിയിറങ്ങിയ ഇവരെ നാട്ടുകാർ ചോദ്യം ചെയ്യുകയും പരവൂർ പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് - റവന്യു അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുമായി ഗ്രാമപഞ്ചായത്ത് അംഗം എസ്.ബി. സിന്ധുമോൾ, നെടുങ്ങോലം സഹകരണ ബാങ്ക് പ്രസിഡന്റ് സുഭഗൻ, കോൺഗ്രസ് നേതാവ് കെ. സുജയ്‌കുമാർ, എ.ഐ.വൈ.എഫ് നേതാവ് ഷാജിദാസ് എന്നിവരും നാട്ടുകാരും ചർച്ച നടത്തി. പ്രദേശത്തെ പോത്തുകച്ചവടക്കാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

അതേസമയം, അന്യസംസ്ഥാനക്കാരെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തി. ഇതേതുടർന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നാലു മണിക്കൂറിന് ശേഷം മെക്കാനിക്ക് എത്തി ലോറി നന്നാക്കി. തുടർന്ന് വാഹനത്തിന്റെ ആർ.സി ബുക്കും രേഖകളും വാങ്ങിയ പൊലീസ് ലോറിയിൽ ഉണ്ടായിരുന്നവരുടെ കൊവിഡ്‌ ടെസ്റ്റ് നടത്തി റിസൾട്ട് സ്റ്റേഷനിൽ ഹാജരാക്കാൻ ഉടമകളെ ചുമതലപ്പെടുത്തിയ ശേഷം ലോറി വിട്ടയച്ചു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പരവൂരിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി അന്യസംസ്ഥാനക്കാർ പ്രവേശിച്ച കടകളും പരിസരവും അണുനശീകരണം നടത്തി. അഞ്ച് മണിക്കൂറോളം ഗുരുതരമായ കൊവിഡ്‌ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടും പഞ്ചായത്ത്, റവന്യൂ, ആരോഗ്യവകുപ്പ് അധികൃതർ പ്രതികരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.

 ലോറിയിലെത്തിയവരുടെ പക്കൽ അന്തർസംസ്ഥാന യാത്രകൾ നടത്താൻ തക്കവണ്ണമുള്ള രേഖകൾ ഉണ്ടായിരുന്നു. അതേസമയം പ്രദേശത്ത് സംഘ‌ർഷമുണ്ടായതുമായി ബന്ധപ്പെട്ട് സാമൂഹ്യ അകലം പാലിക്കാതെയും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമെതിരെ കണ്ടാലറിയാവുന്ന ചിലർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പരവൂർ പൊലീസ്