covid
കൊവിഡ്

കൊട്ടാരക്കര: സമ്പർക്കത്തിലൂടെ കൊവിഡ് പടർന്ന സാഹചര്യത്തിൽ കൊട്ടാരക്കരയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കൊട്ടാരക്കര നഗരസഭാ പരിധിയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ് ഭാഗം, പുലമൺ ടൗൺ തുടങ്ങിയ അഞ്ചു വാർഡുകളും മേലില ഗ്രാമ പഞ്ചായത്തിലെ കിഴക്കേത്തെരുവ് വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. പട്ടണത്തിലെ ഗതാഗതവും കാൽനടയാത്രയും നിറുത്തി. അവശ്യ സർവീസ് മാത്രമാണ് നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സി ഡിപ്പോയും അടച്ചു. ഒരാഴ്ചത്തേക്ക് പ്രവർത്തനം പൂർണമായും നിറുത്തിവയ്ക്കാനാണ് നിർദ്ദേശം. ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിറുത്തിവച്ചു. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ പ്രവേശിക്കാതെ കടന്നുപോകണം. സമ്പർക്കത്തിലൂടെ കൊട്ടാരക്കര സ്വദേശികളായ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടാരക്കര പട്ടണം ഉൾപ്പടെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിന് സ്റ്റേഷന്റെ പുറത്ത് ഹെൽപ്പ് ഡെസ്‌ക് തുറന്നു.

എല്ലാ വ്യാപാര സ്ഥാപങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതിനെക്കുറിച്ചും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ചും നോട്ടീസ് പതിപ്പിക്കും. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.

ഹരിശങ്കർ, റൂറൽ എസ്.പി

കണ്ടയ്‌ൻമെന്റ് സോണുകളിലേക്ക് പുറത്തുനിന്ന് ആളുകൾ പ്രവേശിക്കാനോ അവിടെത്താമസിക്കുന്നവർ പുറത്തേക്ക് പോകാനോ പാടില്ല

. വഴിയോരക്കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ തുറക്കരുത്

 അവശ്യ ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തുറക്കാം

ദീർഘദൂര യാത്രക്കാർക്ക് കണ്ടയ്‌മെന്റ് സോണിലൂടെ തടസം കൂടാതെ യാത്ര ചെയ്യാം. യാത്രക്കാർ കണ്ടയ്‌മെന്റ് സോണിൽ ഇറങ്ങരുത്

 റവന്യൂ, പഞ്ചായത്ത്, പൊലീസ്, ആരോഗ്യം, ഫയർ ഫോഴ്‌സ്, പവർ സപ്ലൈ തുടങ്ങിയ സേവനങ്ങളിൽ ഉൾപ്പെട്ടവർക്ക് യാത്രാനുമതി

എ.ടി.എം, പത്രദൃശ്യ മാദ്ധ്യമങ്ങൾ, ആശുപത്രികൾ, ആംബുലൻസ് എന്നിവയ്ക്ക് പ്രവർത്തിക്കാം.

കണ്ടയ്‌മെന്റ് സോണുകളിൽ പൊതു പരിപാടികൾ നടത്തരുത്. പൊതുസ്ഥലങ്ങളിൽ മൂന്നുപേരിൽ കൂടുതൽ കൂട്ടം കൂടരുത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും മെഡിക്കൽ സ്റ്റോറുകളിലും ഒരേ സമയം രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ല.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആഹാര സാധനങ്ങൾ പാഴ്‌സലായി മാത്രം നൽകണം.