kollam-harbour

 കൊല്ലം, നീണ്ടകര ഹാർബറുകൾ അടയ്ക്കാൻ ആലോചന

 ഹാർബറുകളിൽ ജനക്കൂട്ടം

കൊല്ലം: ഹാർബറുകൾ കൊവിഡ് വ്യാപന കേന്ദ്രമാകുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പൊലീസും ഫിഷറീസും സമാനമായ റിപ്പോർട്ടുകൾ കൈമാറിയതോടെ അഴീക്കലിന് പിന്നാലെ നീണ്ടകര ഹാർബറും കൊല്ലം തീരത്തെ അഞ്ച് ഫിഷ് ലാൻഡിംഗ് സെന്ററുകളും അടയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ആലോചന.

 ആശങ്കയോടെ

ആലപ്പുഴ ജില്ലയിലെ വലിയ അഴീക്കൽ ഹാർബറിൽ നിന്ന് മത്സ്യമെടുത്തിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീക്ക് രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഭർത്താവ് കരുനാഗപ്പള്ളിയിലെ അഴീക്കൽ ഹാർബറിൽ നിന്നാണ് കടലിൽ പോയിരുന്നത്. അതുകൊണ്ട് ശനിയാഴ്ച രാത്രിയോടെ അഴീക്കൽ ഹാർബർ അടച്ചിരുന്നു.

അഴീക്കൽ, വലിയ അഴീക്കൽ ഹാർബറുകളിൽ നിന്നുള്ള വള്ളങ്ങൾ കൊല്ലം തീരത്തും നീണ്ടകരയിലും അടുക്കാനുള്ള സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള വള്ളങ്ങൾ എത്താതിരിക്കാൻ ഫിഷറീസ് വകുപ്പ് നീണ്ടകര തീരത്ത് പ്രത്യേക പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും കണ്ണുവെട്ടിച്ച് എത്തുമോയെന്ന ആശങ്കയുണ്ട്.

മത്സ്യത്തൊഴിലാളികളെല്ലാം തീരപ്രദേശത്ത് തന്നെ പരസ്പരം ഒരു മീറ്റർ അകലം പോലുമില്ലാതെ വീടുകളിലാണ് താമസം. അതുകൊണ്ടുതന്നെ ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ മറ്റ് പ്രദേശങ്ങളെക്കാൾ വേഗത്തിൽ തീരത്ത് പടർന്നുപിടിക്കാൻ സാദ്ധ്യതയുമുണ്ട്.

 അതിരുകടക്കുന്ന ജനക്കൂട്ടം

എല്ലാ ഹാർബറുകളിലും പുലർച്ചെ മുതൽ തന്നെ വൻജനക്കൂട്ടമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും സ്വകാര്യ വ്യക്തികൾ മത്സ്യം വാങ്ങാൻ ഹാർബറുകളിലേക്ക് എത്തുകയാണ്. സ്വകാര്യവ്യക്തികൾ ഹാർബറുകളിൽ നിന്ന് മത്സ്യം വാങ്ങുന്നത് ജില്ലാ ഭരണകൂടം അടുത്തിടെ നിരോധിച്ചിരുന്നു. പ്രത്യേക പൊലീസ് പട്രോളിംഗും ഏർപ്പെടുത്തി. പക്ഷെ ഇതെല്ലാം മറികടന്ന് വള്ളങ്ങൾ അടുക്കുന്ന സമയത്തെല്ലാം വാഹനങ്ങളിൽ ആളുകളെത്തുകയാണ്.

 സമീപ ദിവസങ്ങളിലെ മത്സ്യലഭ്യത

 നീണ്ടകര: 25- 100 (ടൺ)

 കൊല്ലം തീരം: 4 -50 (ടൺ) (അഞ്ച് ലാൻഡിംഗ് സെന്ററുകളിലുമായി)

 കടലിൽ പോകുന്ന വള്ളങ്ങൾ

 നീണ്ടകര: 65(വലുത്)

 കൊല്ലം തീരം: 500(ചെറുത്)