കുന്നത്തൂർ : ശുദ്ധജലം ലഭിക്കുന്ന പഞ്ചായത്തുകിണർ വൃത്തിയാക്കാൻ ആരുമില്ല. എന്നാൽ ആ കിണർ നികത്തി പുതിയ കുഴൽക്കിണർ നിർമ്മിക്കാൻ അധികൃതർ റെഡിയാണ്. പോരുവഴി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ പുത്തൻപുര കോളനി നിവാസികളുടെ ഏക ആശ്രയമായ കിണർ ആണ് സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്.
40 വർഷത്തോളം പഴക്കമുള്ള കിണറ്റിൽ വേനൽക്കാലത്തും ധാരാളം ശുദ്ധജലം ലഭ്യമാണ്. ഇരുപതിൽപ്പരം കോളനി നിവാസികളുടെ ദൈനംദിന ആവശ്യങ്ങളെല്ലാം നിറവേറ്റിയിരുന്ന കിണർ ഇപ്പോൾ സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്.പൊതുകിണർ വൃത്തിയാക്കാതെ ഉപയോഗശൂന്യമാക്കി ഇതിനടുത്ത് തന്നെ കുഴൽ കിണർ നിർമ്മിക്കാനുള്ള ശ്രമവുമായി അധികൃതർ മുന്നോട്ട് വന്നിരിക്കുകയാണ്.
കുഴൽ കിണർ നിർമ്മിക്കാനുള്ള പദ്ധതി വൻ അഴിമതിക്ക് വഴി തുറക്കുവാനാണെന്ന് കോളനി നിവാസികൾ ആരോപിക്കുന്നു. നിലവിലുള്ള കിണർ വൃത്തിയാക്കി പമ്പ് സെറ്റ് സ്ഥാപിച്ചാൽ പ്രദേശവാസികൾക്കെല്ലാം ആവശ്യത്തിന് ശുദ്ധജലം ലഭിക്കും. ഇതിനായി മുൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് സ്ഥാപിച്ച കൂറ്റൻ ശുദ്ധജല ടാങ്കും ഇവിടെയുണ്ട്.എന്നാൽ നിലവിലെ കിണർ നഷ്ടപ്പെടുത്തി പുതിയ കുഴൽ കിണർ നിർമ്മിക്കുന്നതിനോട് പ്രദേശവാസികൾക്ക് യോജിപ്പില്ല.പുതിയ കുഴൽ കിണർ സ്ഥാപിക്കാനുള്ള ശ്രമത്തിൽ നിന്ന് അധികൃതർ പിൻമാറിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നാണ് കോളനി നിവാസികൾ പറയുന്നത്.
കുഴൽ കിണർ കുഴിച്ചാൽ
കുഴൽ കിണർ വന്നാൽ പരിസരത്തുള്ള മറ്റ് കിണറുകളിലെ ജലസ്രോതസ് നഷ്ടപ്പെടുമെന്നും കോളനിയിലും പുറത്തും രൂക്ഷമായ ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്നും കോളനിവാസികൾ ഭയക്കുന്നു.