sea
കടൽക്കയറ്റം

ചവറ: തീരദേശവാസികളെ ആശങ്കയിലാക്കി കടൽക്കയറ്റം രൂക്ഷമാകുന്നു. ചവറ നീണ്ടകര തീരമേഖലയിലെ എ.എം.സി, ആൽത്തറ ബീച്ച് എന്നിവിടങ്ങളിലായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി കടൽക്കയറ്റം ശക്തമായത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെ കൂറ്റൻ തിരമാലകൾ രൂപപ്പെടുകയാണ്. കടൽഭിത്തി കടന്നെത്തിയ ശക്തമായ തിരമാലകൾ തീരമേഖലയോട് ചേർന്ന് നിൽക്കുന്ന വീടുകളിലേക്ക് ഇരച്ചുകയറുന്നു. എ എം സി പണ്ഡിറ്റ് കറുപ്പൻ നഗർ മുതൽ കരിത്തുറ പള്ളി വരെ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന തീരമേഖലയിൽ കടൽഭിത്തിയും കടന്ന് അൻപത് മീറ്ററോളം കടൽക്കയറി തീരനിവാസികൾക്ക് ഭീഷണിയാകുകയാണ്. വീടുകളുടെ പിൻഭിത്തികൾ പലതും തിരയിൽ പെട്ട് പൊട്ടലുണ്ടായ സ്ഥിതിയാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഐ.ആർ.ഇ. കമ്പനി ഖനനത്തിനായി വീടും ഭൂമിയും ഏറ്റെടുത്ത ശേഷം പുനരധിവാസം നൽകിയ പ്രദേശത്താണ് കടൽക്കയറ്റം ശക്തമായിരിക്കുന്നത്. തീരത്തെ ഭൂമി മീറ്ററുകളോളം കടൽ കവർന്നിരിക്കുകയാണ്. കമ്പനി അധികൃതരും പഞ്ചാത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.

50 മീറ്ററോളം

കടൽക്കയറി

തീരനിവാസികൾക്ക്

ഭീഷണിയാകുകയാണ്

കടൽ ഭിത്തികൾ ബലപ്പെടുത്തണം

ഇവിടെ കടൽഭിത്തികൾ ബലക്കുറവുള്ള സ്ഥലങ്ങളിൽ ഐ.ആർ.ഇ. കമ്പനി മണൽചാക്കുകൾ നിറച്ച് കടൽഭിത്തികൾ ബലപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം.

പഞ്ചായത്ത് പ്രസിഡന്റ് എസ്.സേതുലക്ഷ്മി

ഈ മാസങ്ങളിൽ കടൽക്കയറ്റം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കമ്പനി അധികൃതർ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കണം.

നാട്ടുകാർ