kuthira

കൊല്ലം: ഉത്സവത്തിന് പോയതാണ് സായി.വഴിമദ്ധ്യേയാണ് രാജയെ കണ്ടുമുട്ടിയത്. ഒരുമിച്ച് പാർത്തത് നാലുനാൾ മാത്രം.പക്ഷേ, പതിനൊന്നു മാസം തികഞ്ഞ ഇന്നലെ അവൾ അമ്മയായി. പിറന്നത് ഓമനത്തം തുളുമ്പുന്ന പെൺകുഞ്ഞ്.

നായിക പരവൂർ കലയ്ക്കോട് കൃഷ്ണവിലാസത്തിൽ കലേഷ് വളർത്തുന്ന സായി എന്ന പെൺകുതിര.

തിരുവനന്തപുരത്ത് ഉത്സവഎഴുന്നെള്ളത്തിനാണ് ലോറിയിൽ കൊണ്ടുപോയത്. അതേ ഉത്സവത്തിന് കലേഷിന്റെ സുഹൃത്ത് തിരുവനന്തപുരം,മംഗലപുരം, എസ്.എ. മൻസിലിൽ സെയ്ദിന്റെ രാജയെന്ന ആൺകുതിരെയും കൊണ്ടുപോകണമായിരുന്നു. അങ്ങനെ യാത്ര ഒരുമിച്ചായി.

മടക്കയാത്രയിൽ ചെമ്പൻ രാജയെ അവന്റെ വീട്ടിൽ ഇറക്കി. സായിയും കൂടെ ഇറങ്ങി. എത്ര നിർബന്ധിച്ചിട്ടും വരില്ല എന്ന ഒറ്റവാശി. അവളുടെ ഇഷ്ടം നടക്കട്ടെ, എന്നു പറഞ്ഞ് കലേഷ് മടങ്ങി. നാലാം നാൾ വീണ്ടും കലേഷെത്തി വിളിച്ചു.ഏറെ നിർബന്ധിച്ചപ്പോൾ കൂടെ ചെല്ലാൻ തയ്യാറായി.

തിരിച്ചെത്തിയെങ്കിലും ചില ആലസ്യങ്ങൾ അവളിൽ പ്രകടമായി.

ആറുമാസം മുൻപ് ഏനക്കേടുകൾ കാട്ടിത്തുടങ്ങിയപ്പോഴെ കലേഷിന് സംശയമായി.മൃഗാശുപത്രിയിലെത്തിച്ചു. ഡോക്ടർ തീർത്തു പറഞ്ഞു. ഗർഭിണിയാണ്. പിന്നുള്ള നാളുകളിൽ ഗർഭകാല പരിചരണം. പതിനൊന്ന് മാസം തികഞ്ഞ ഇന്നലെ പ്രസവിച്ചു. അച്ഛന്റെ തവിട്ടും അമ്മയുടെ വെള്ളയും നിറങ്ങൾ കലർന്ന പെൺകുഞ്ഞ്. കലേഷ് കണ്ടുവച്ചിരുന്ന പേര് വിളിച്ചു. 'പൗർണമി'.

സായിയെ സ്വന്തമാക്കിയത്

കോയമ്പത്തൂരിൽ നിന്ന്

മോഹൻലാലിന്റെ ലൂസിഫർ ഉൾപ്പെടെ സിനിമയിലും ചില സീരിയലിലും വേഷങ്ങൾ ചെയ്തിട്ടുള്ള കലേഷ് അഞ്ചുവർഷം മുൻപ് കോയമ്പത്തൂരിൽ നിന്ന് കട്ട്പാടി ഇനത്തിൽപ്പെട്ട സായിയെ സ്വന്തമാക്കുമ്പോൾ തൂവെള്ള നിറമുള്ള അവൾക്ക് പ്രായം രണ്ടു വയസ്.

കലേഷ് മറ്റൊരു ആൺകുതിരയെ വളർത്തിയിരുന്നു.പേര് റാം. അതിനെ വിറ്റശേഷമാണ് സായിയെ വാങ്ങിയത്.

ഗുജറാത്തിലെ കാങ്കറേജ് ഇനത്തിൽപ്പെട്ട കൂറ്റൻ കാളയെയും വളർത്തുന്നുണ്ട്. പേര് ഭീമൻ.