പാരിപ്പള്ളി: വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാതെ ജോലിക്കിറങ്ങേണ്ടിവരുന്നത് മൂലം കല്ലുവാതുക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിൽ. പഞ്ചായത്തിലെ 23 വാർഡുകളിലെ 2500ൽ അധികം തൊഴിലാളികളാണ് സുരക്ഷയ്ക്കാവശ്യമായ ഗ്ളൗസ്, കാലുറകൾ എന്നിവയില്ലാതെ ദിവസങ്ങളായി പണിയെടുക്കുന്നത്.
മഴക്കാലമായതിനാൽ ചെളിമൂടിയ തോടുകൾ ശുചീകരിക്കാൻ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇവ വാങ്ങി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങളുടെ ഭീതിയിലാണ് ഇവർ.
തൊഴിലുറപ്പ് പദ്ധതിയിലെ എൻജിനീയർ വിഭാഗത്തിൽ നിന്ന് സുരക്ഷാ ഉപകരണങ്ങളുടെ ലിസ്റ്റ് പഞ്ചായത്തിലെ തൊഴിലുറപ്പിന്റെ ചുമതലയുള്ള അസി. സെക്രട്ടറിക്ക് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. അടുത്തിടെ കോട്ടക്കേറം വാർഡിലെ തോട് ശുചീകരണവുമായി ബന്ധപ്പെട്ട് വാർഡംഗം സിമ്മിലാലിനെ തൊഴിലാളികൾ പ്രതിഷേധം അറിയിച്ചിരുന്നു.
തൊഴിലാളികളുടെ ജീവന് ഭീഷണി ഉയർത്തുന്ന വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഒാഫീസ് പടിക്കൽ ധർണ നടത്തും.
സിമ്മിലാൽ, കോട്ടക്കേറം വാർഡംഗം