ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
കൊല്ലം: ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെത്തിയെന്ന തിരിച്ചറിവിൽ കണ്ടെയ്മെന്റ് സോണുകൾക്ക് പുറത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി. പരാതികൾ ഇ - മെയിൽ അല്ലെങ്കിൽ ഫോൺ മുഖേനെ അറിയിച്ചാൽ മതി. ഇത്തരം പരാതികൾ പരിഹരിക്കാൻ സ്ഥാപന മേധാവികൾ പ്രത്യേക ശ്രദ്ധ ചെലുത്താനും ഇതിനായി രജിസ്റ്ററുകൾ സൂക്ഷിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയ ശേഷമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും സമീപ ജില്ലയായ കൊല്ലത്ത് നിയന്ത്രണങ്ങൾക്ക് കാരണമായി.
അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
1. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെടുമ്പോൾ രജിസ്റ്റർ കൈമാറണം. പാലിച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ അടപ്പിക്കും.
2. കളക്ടറേറ്റ് ഉൾപ്പെടെ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും സന്ദർശകരെ നിരോധിച്ചു. ഓഫീസുകളിൽ നേരിട്ട് എത്തേണ്ട ആവശ്യമുണ്ടെങ്കിൽ ഫോൺ മുഖേന മുൻകൂട്ടി അനുമതി വാങ്ങണം.
3. സ്വകാര്യ ആശുപത്രികളിൽ ഡോക്ടറെ കാണാൻ എത്തുന്നവർ ഫോൺ മുഖേനെ മുൻകൂർ അനുമതി വാങ്ങി നിശ്ചിത സമയത്ത് മാത്രമേ എത്താവൂ. ആശുപത്രികളിലെല്ലാം ഈ സംവിധാനം ഉറപ്പ് വരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറെ നോഡൽ ഓഫീസറായി നിയമിച്ചു.
4. കണ്ടെയ്മെന്റ് സോണുകളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.
സോണുകളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.
5. കണ്ടെയ്മെന്റ് സോൺ വഴി പോകുന്ന ബസുകൾ സോണുകളിൽ നിറുത്താൻ പാടില്ല. ഇവിടെ നിന്നുള്ള ആളുകളെ വാഹനങ്ങളിൽ കയറ്റരുത്.
6. അവശ്യ സർവീസുകളുടെ ഭാഗമായുള്ള ജീവനക്കാർ തിരിച്ചറിയൽ കാർഡുകൾ കരുതണം. തിരിച്ചറിയൽ രേഖകൾ ഇല്ലെങ്കിൽ കണ്ടെയ്മെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.
7. മത്സ്യ ലേല ഹാളുകളിലെ തിരക്ക് നിയന്ത്രണാതീതമായാൽ പ്രവർത്തനം നിറുത്തിവയ്പ്പിക്കും
8. പൊതു മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ തിരക്ക് വർദ്ധിച്ചാലും പ്രവർത്തനം നിറുത്തിവയ്പ്പിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
''
ജില്ലയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സാമൂഹിക അകലം അല്ലാതെ കൊവിഡിനെ പ്രതിരോധിക്കാൻ മറ്റ് മാർഗങ്ങളില്ല.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ