സമൂഹ മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പിനൊരുങ്ങി സി.പി.എം
കൊല്ലം: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അധികാരം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നു. ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ശിൽപ്പശാലകൾ പൂർത്തീകരിച്ച് വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കൊല്ലം ജില്ലാ പഞ്ചായത്ത്, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷൻ, 57 പഞ്ചായത്തുകൾ എന്നിവ ഭരിക്കുന്നത് സി.പി.എം നേതൃത്വം നൽകുന്ന ഇടത് മുന്നണിയാണ്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ മാത്രമാണ് ഇടത് മുന്നണിക്ക് അധികാരമില്ലാത്തത്. തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കിയ പ്രദേശിക വികസന പദ്ധതികൾ, സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം, ജില്ലയിലെ 11 എൽ.ഡി.എഫ് എം.എൽ.എമാരുടെ നേട്ടങ്ങൾ എന്നിവ എല്ലാ വോട്ടർമാരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പ്രകടനങ്ങൾ, പൊതുസമ്മേളനങ്ങൾ, കൺവെൻഷനുകൾ, കുടുംബ യോഗങ്ങൾ എന്നിവ നടത്താൻ പരിമിതികളുണ്ട്. അതിനാൽ സമൂഹ മാദ്ധ്യമങ്ങളെ കൂടി കേന്ദ്രീകരിച്ചുള്ള പുത്തൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് താഴെ തട്ടിൽ നടക്കുന്നത്. വാർഡ് അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മകളിലൂടെ നേട്ടങ്ങൾ ഓരോന്നും പ്രചരിപ്പിച്ച് എല്ലാ വോട്ടർമാരിലേക്കും എത്തിക്കും. സമൂഹ മാദ്ധ്യമങ്ങളുടെ സാദ്ധ്യത എല്ലാ തരത്തിലും പൂർണമായി പ്രയോജനപ്പെടുത്തും. ആവശ്യമായ കമ്മിറ്റികൾ ഓൺലൈനിൽ ചേരും. പാർട്ടിയുടെ സംസ്ഥാന തല പഠന ക്ലാസുകൾ ഇപ്പോൾ ഓൺലൈൻ വഴി നടക്കുന്നുണ്ട്. കൊവിഡ് കാലത്തെ സർക്കാരിന്റെ ഇടപെടലും പ്രതിച്ഛായയും താഴെ തട്ടിലും നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. പഞ്ചായത്ത് തലങ്ങളിൽ സി.പി.ഐ ഉൾപ്പെടെയുള്ള മറ്റ് ഘടക കക്ഷികൾ ഉൾപ്പെടുന്ന എൽ.ഡി.എഫ് കമ്മിറ്റികൾ രൂപീകരിച്ചു. വാർഡ് അടിസ്ഥാനത്തിലുള്ള എൽ.ഡി.എഫ് കമ്മിറ്റികളും അധികം വൈകാതെ രൂപീകരിക്കും.
''
കൊവിഡ് കാലത്തെ പ്രതിസന്ധി മറികടന്ന് വോട്ടർമാരുമായി സംവദിക്കാൻ സമൂഹ മാദ്ധ്യമങ്ങളുടെ സാദ്ധ്യത പൂർണമായി പ്രയോജനപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്ലെല്ലാം അധികാരം നേടാൻ അനുയോജ്യമായ രാഷ്ട്രീയ സാഹചര്യമാണ് എൽ.ഡി.എഫിനുള്ളത്.
എസ്.സുദേവൻ
സി.പി.എം ജില്ലാ സെക്രട്ടറി