chakka

 മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും വിപണി നഷ്ടപ്പെട്ടു

കൊല്ലം: കൊവിഡും കാലവർഷവും ചതിച്ചതോടെ പഴവർഗങ്ങളിലെ ചക്രവർത്തിയായ ചക്കയ്ക്ക് ഇത്തവണ പ്ളാവിൽ തന്നെ ചരമമടയാനായിരുന്നു വിധി!. സീസണിലുണ്ടായ ലോക്ക് ഡൗണിൽ ചക്കയ്ക്കും ചക്കയുത്പന്നങ്ങൾക്കും വിപണി നഷ്ടപ്പെട്ടതോടെ കർഷകർക്കും വ്യാപാരികൾക്കും

200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

സീസണിൽ ദിനം പ്രതി പത്ത് ലോഡോളം (ഇരുപത് ടൺ)​ ചക്കയാണ് അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. തുടക്കത്തിൽ കിലോയ്ക്ക് 20 രൂപ നിരക്കിൽ ഒരു ചക്കയ്ക്ക് ശരാശരി 200 രൂപവരെ ലഭിക്കും. നാടൻ പ്ളാവിൽ നിന്ന് കുറഞ്ഞത് പത്ത് ചക്ക ഉറപ്പാണ്. പ്ളാവിന്റെ ഇനവും മണ്ണിന്റെ പ്രത്യേകതയും അനുസരിച്ച് വിളവിൽ മാറ്രമുണ്ടാകും. അൻപത് ചക്കവരെ ലഭിക്കുന്ന പ്ളാവുകളുമുണ്ട്.
അയൽ സംസ്ഥാനമായ തമിഴ്നാടാണ് പഴുത്ത ചക്കയുടെ പ്രധാന കമ്പോളം. മഡ്രാസ്,​ കോയമ്പത്തൂർ,​ മധുര എന്നിവിടങ്ങളിലാണ് ചക്കയുടെ മൊത്ത വ്യാപാരം. മുംബയ്,​ കൊൽക്കത്ത,​ ഡൽഹി,​ യു.പി എന്നിവിടങ്ങളിലും പച്ചച്ചക്കയ്ക്കും പഴുത്തതിനും വൻഡിമാന്റാണ്. എന്നാൽലോക്ക് ഡൗണിൽ കയറ്റുമതി പൂർണമായും ഇല്ലാതായി.

ചക്കഫെസ്റ്റ് പോലുള്ള വിപണന മേളകൾ ഇല്ലാതിരുന്നതിനാൽ ചക്ക ഉത്പന്നങ്ങളുടെ രുചി നുകരാൻ നഗരവാസികൾക്കും അവസരമുണ്ടായില്ല. ഇതോടെ ആർക്കും വേണ്ടാതെ പ്ളാവിൻ ചുവട്ടിൽ വീണ് ചീഞ്ഞളിയാനായിരുന്നു ഇത്തവണ സംസ്ഥാന ഫലമായ ചക്കയുടെ വിധി.

കളയാനൊന്നുമില്ല

കൊത്തച്ചക്കപ്പരുവത്തിൽ തന്നെ ചക്ക കറിയാക്കാം. വിളഞ്ഞാൽ പുറംമടൽ ഒഴിച്ച് ചുള, കുരു, കൂഞ്ഞ് എന്നിവയെല്ലാം കറിക്ക് ഉപയോഗിക്കാം. ഉപ്പേരിയാക്കിയും വിൽക്കാം. ചക്ക വരട്ടിയത് ഒരു വർഷംവരെ കേടാകാതെ സൂക്ഷിക്കാം. പ്ലാവില ആടുകൾക്ക് തീറ്റയാണ്.

ചക്കസീസൺ: മാർച്ച് - ഏപ്രിൽ മാസം

മൂല്യവർദ്ധിത ഉത്പന്നങ്ങൾ, വില (കി. ഗ്രാമിൽ)

ചക്കഹൽവ: 300 രൂപ

ചക്കസ്ക്വാഷ്:150രൂപ

ചക്കവരട്ടി: 500രൂപ

ചക്ക പുട്ടുപൊടി: 300 രൂപ

ചക്ക ഉണക്കിപ്പൊടിച്ചത്: 500 രൂപ

ചക്കകേക്ക്: 300 രൂപ

ചക്ക മിക്ചർ: 200 രൂപ

ചക്ക ജാം: 150 രൂപ

''

മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി ചക്ക സംഭരിക്കാൻ കഴിഞ്ഞില്ല. കോടികളുടെ നഷ്ടമാണ് കർഷകർക്കും വ്യാപാരികൾക്കും ഉണ്ടായത്.

റെജി, പ്രസിഡന്റ്

ആൾകേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷൻ