കൊല്ലം: മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഴീക്കൽ ഹാർബർ അടച്ചതോടെ ജില്ലയിലെ നൂറ് കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും കഷ്ടത്തിലായി. പ്രളയം, ഓഖി ദുരന്തങ്ങളിൽ കടക്കെണിയിലായ മത്സ്യത്തൊഴിലാളികളാണ് ചാകര കൊയ്യേണ്ട സീസണിൽ വീണ്ടും ദുരിതത്തിലായത്. ഹാർബർ അടച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയതോടെ വള്ളങ്ങൾ തീരത്തൊതുക്കി തൊഴിലാളികൾ തുറകളിലേക്ക് മടങ്ങി.
കാലവർഷത്തിന് പിന്നാലെയുള്ള ട്രോളിംഗ് നിരോധന കാലയളവാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
അഴീക്കൽ ഹാർബറിലെ താങ്ങ് വള്ളത്തൊഴിലാളിയായ വലിയഴീക്കൽ സ്വദേശിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ഹാർബർ പൂട്ടാൻ ഇടയാക്കിയത്. ഇത്തവണ ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കടലിൽ പോയ വള്ളങ്ങൾക്കെല്ലാം തരക്കേടില്ലാതെ കോള് ലഭിച്ചിരുന്നു. നെത്തോലി, പൂവാലൻ ചെമ്മീൻ, കണവ, നെയ്മീൻ തുടങ്ങിയവ മിക്ക വള്ളങ്ങൾക്കും ലഭിച്ചു. സാമാന്യം നല്ല വിലയും ലഭിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കൊവിഡ് ഭീതിയെത്തിയത്. ട്രോളിംഗ് നിരോധനം അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ചാകരക്കോളിന്റെ ദിനങ്ങൾ നഷ്ടപ്പെട്ടതിന്റെ ആകുലതയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
കാരിയർ വള്ളത്തിൽ ജോലി ചെയ്തിരുന്ന യുവാവ് ഒന്നിലധികം വള്ളങ്ങളിൽ നിന്ന് മത്സ്യം കരയ്ക്കെത്തിക്കാൻ സഹായിച്ചിരുന്നു. ഗർഭിണിയായ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിലായ യുവാവിന്റെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ഫലം പോസിറ്റീവായാൽ അഴീക്കൽ ഹാർബറിൽ മത്സ്യബന്ധനത്തിനെത്തുന്ന അഴീക്കൽ, വലിയഴീക്കൽ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ക്ളാപ്പന, ഓച്ചിറ, കുലശേഖരപുരം പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെയും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാകും ബാധിക്കുക.
''
മുൻകരുതലെന്ന നിലയിൽ ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ സ്രവപരിശോധന ആരംഭിച്ചു.
ആരോഗ്യവകുപ്പ്
''
ഇത്തവണ വള്ളക്കാർക്ക് കോള് ലഭിക്കുന്നതിനിടെയാണ് കൊവിഡ് നിയന്ത്രണങ്ങൾ വന്നത്. ഇത് പ്രതീക്ഷകൾ തകർത്തു.
പൊന്നൻ, ശ്രായിക്കാട്
പരമ്പരാഗത മത്സ്യത്തൊഴിലാളി
''
തൊഴിൽ നഷ്ടപ്പെട്ടതിലുപരി സമൂഹവ്യാപനം മത്സ്യത്തൊഴിലാളികളെയും ഭയപ്പെടുത്തുന്നു. രോഗവ്യാപനം തടയാനും ഭീതി അകറ്റാനുമുള്ള നടപടി സ്വീകരിക്കണം.
വി. സാഗർ, ബ്ളോക്ക് പഞ്ചായത്തംഗം