കൊല്ലം: നാട്ടിലെ അനീതിയും അക്രമവുമൊക്കെ കാണുമ്പോൾ ഒരു തോക്കുണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കാത്തവർ ഉണ്ടാവില്ല. പക്ഷേ, അങ്ങനെ ആഗ്രഹിക്കുന്നവർക്കെല്ലാം തോക്ക് കൊണ്ടുനടക്കാനാവില്ല. അതിന് ക‌ർശനമായ മാനദണ്ഡങ്ങളുണ്ട്. ലൈസൻസ് വേണം. നാടൻ തോക്കുകൾ നാട്ടിൽ കിട്ടും. അത്തരം കള്ളത്തോക്ക് ഉപയോഗിച്ചാൽ അകത്താകും. ആയുധ നിയമപ്രകാരം രണ്ട് മുതൽ10 വർഷം വരെ അഴിയെണ്ണും.

ലൈസൻസുള്ള തോക്കാണെങ്കിൽ പോലും ആത്മരക്ഷാ‌ർത്ഥം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ ക്രിമിനൽ കുറ്റമാണ്. എങ്കിലും തോക്കിന്റെ ലൈസൻസിനായി മാസത്തിൽ 20 അപേക്ഷകളെങ്കിലും ഓരോ കളക്ടറേറ്റിലും ലഭിക്കുന്നുണ്ട്. അപേക്ഷകരിൽ സ്ത്രീകളും ഉണ്ട്.

ഈ വർഷം ജനുവരി വരെ കേരളത്തിൽ 2,954 പേർക്ക് തോക്ക് ലൈസൻസുണ്ട്. ഇതിൽ 27 പേർ സ്ത്രീകളാണ്. ഏറ്റവും കൂടുതൽ ലൈസൻസ് കണ്ണൂർ ജില്ലയിലാണ് - 380. തൊട്ടുപിന്നിൽ ഇടുക്കിയും (340) ​മലപ്പുറവും (310)​. ഏറ്റവും കുറവ് വയനാട്ടിലാണ് - 69.

ലൈസൻസ് ‌കിട്ടാൻ


 അപേക്ഷിക്കേണ്ടത് ജില്ലാ കളക്ടർക്ക്

 കളക്ടർ അപേക്ഷ എ.ഡി.എമ്മിന് കൈമാറും

 പരിശോധന എസ്.പിക്കോ പൊലീസ് കമ്മിഷണർക്കോ

 സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷിക്കും. റിപ്പോർട്ട് കളക്ടർക്ക്

 അർഹതയുണ്ടെങ്കിൽ രണ്ടുമാസത്തിനകം ലൈസൻസ് ലഭിക്കും

 പുതിയ കേന്ദ്ര നിയമം അനുസരിച്ച് ലൈസൻസ് അഞ്ചു വർഷം

തോക്ക് വാങ്ങാൻ

ലൈസൻസ് ഹാജരാക്കി ഇഷ്ടമുള്ള സിവിലിയൻ തോക്ക് വാങ്ങാം

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അംഗീകൃത കടകൾ

തോക്ക് ഉണ്ടകൾ സഹിതം പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കണം

വിവരങ്ങൾ രേഖപ്പെടുത്തിയശേഷം ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും

പരിശോധിക്കുന്നത്

ലക്ഷ്യം സ്വയരക്ഷയാണോ, ഭീഷണിയുണ്ടോ

മോഷണമോ അക്രമമോ ഭയക്കാൻ സമ്പന്നനാണോ

ക്രിമിനൽ കേസ് ഉണ്ടോ, പ്രതി ചേർക്കപ്പെട്ടിട്ടുണ്ടോ

വ്യക്തിപരമായ സ്വഭാവം,​ മാനസികാരോഗ്യം

നിബന്ധനകൾ

കാൽമുട്ടിന് താഴെയേ വെടിവയ്ക്കാവൂ, അതും ആത്മരക്ഷാർത്ഥം

ദുരുപയോഗം ക്രിമിനൽ കുറ്റം, ലൈസൻസ് കളക്ടർ റദ്ദാക്കും

കലാപ സാഹചര്യങ്ങളിൽ തോക്ക് പൊലീസ് സ്റ്റേഷനിൽ സറണ്ട‌ർചെയ്യണം

ആ കാലയളവിൽ ഉടമയ്ക്ക് പൊലീസ് സംരക്ഷണം നൽകും

ലൈസൻസ് കിട്ടാത്തവർ

ക്രിമിനൽ കേസിലെ പ്രതികൾ

സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവർ

ജയിൽ ശിക്ഷ അനുഭവിച്ചവർ

സാമൂഹ്യവിരുദ്ധർ, മാനസികരോഗികൾ

പൊലീസ് സംരക്ഷണം ഉള്ളവർ

''വിശദമായ അന്വേഷണത്തിനുശേഷമാണ് ലൈസൻസ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതിന് ചിലപ്പോൾ മാസങ്ങൾ വേണ്ടിവരും.''

--ബി. അബ്ദുൽ നാസർ

കൊല്ലം ജില്ലാ കളക്ടർ