കൊല്ലം : മിൽമ ഉത്പന്നങ്ങൾ ഇനിമുതൽ വീടുകളിൽ എത്തിക്കും. കെ.എൽ.എം നീഡ്‌സ് എന്ന മൊബൈൽ ആപ്പ്ളിക്കേഷൻ വഴി ഓർഡർ നൽകിയാൽ പാൽ, ഐസ്ക്രീം ഉൾപ്പെടെയുള്ള മിൽമ ഉത്പന്നങ്ങൾ വീടുകളിൽ എത്തും. കൂടാതെ പഴം, പച്ചക്കറികൾ, മുട്ട, ബ്രഡ്, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയും ഈ ആപ്പിലൂടെ വാങ്ങാൻ കഴിയും. ആദ്യഘട്ടമായി കൊല്ലം കോർപ്പറേഷൻ പരിധിയിൽ മാത്രമായിരിക്കും വിതരണം. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വിതരണ സമയം. മിനിമം 100 രൂപയ്ക്കുള്ള ഉത്പന്നങ്ങൾ ഓർഡർ ചെയ്യണം. സർവീസ് ചാർജ് ഈടാക്കില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മിൽമ കൊല്ലം ഡയറിയിൽ നടന്ന ചടങ്ങിൽ മിൽമ മേഖലാ ചെയർമാൻ കല്ലട രമേശ് ഡെലിവറി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഡയറി മാനേജർ ഡോ. മുരളി അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് മാനേജർ കീർത്തിനാഥൻ നായർ, അസി. മാർക്കറ്റിംഗ് മാനേജർ രമ എന്നിവർ പങ്കെടുത്തു.