കൊല്ലം : ലോക്ക് ഡൗണിന്റെ മറവിൽ കശുഅണ്ടി തൊഴിലാളികൾക്ക് ഹാജർ നഷ്ടത്തിന്റ പേരിൽ ഇ.എസ്.ഐ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ( എ.ഐ.ടി.യു.സി ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു പറഞ്ഞു. തൊഴിലാളികളുടെ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും കശുഅണ്ടി വ്യവസായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റ നേതൃത്വത്തിൽ നടത്തിയ സമരം കിളികൊല്ലൂർ പ്രശാന്തി കശുഅണ്ടി ഫാക്ടറി പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശുഅണ്ടി വ്യവസായ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുക, ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുക, വർദ്ധിപ്പിച്ച ഡി.എയും കൂലിയും നൽകുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. യോഗത്തിൽ തിരു കൊച്ചി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ബി. അജയഘോഷ്, ബി. രാജു, ജി. ചെല്ലപ്പൻ, എൻ. നൗഷാദ് എന്നിവർ സംസാരിച്ചു.