ആഞ്ഞിലിമൂട് മാർക്കറ്റ് അടച്ചു
ശാസ്താംകോട്ട: മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആഞ്ഞിലിമൂട് മാർക്കറ്റ് അടച്ചു. ശാസ്താംകോട്ട പഞ്ചായത്തിലെ പള്ളിശേരിക്കൽ സ്വദേശിയായ മത്സ്യ വ്യാപാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളായ കായംകുളത്തും അഴീക്കലിലും മത്സ്യമെടുക്കാൻ പോയിട്ടുള്ളതിനാൽ സമ്പർക്കത്തിലൂടെയാവാം രോഗവ്യാപനമെന്നാണ് നിഗമനം. കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കടമ്പനാട്, ശൂരനാട്, പുത്തൂർ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകൾ എത്തുന്ന മാർക്കറ്റായതിനാൽ സമൂഹവ്യാപന സാദ്ധ്യത കൂടുതലാണ്. ശാസ്താംകോട്ട പഞ്ചായത്തിന് പുറമേ മാർക്കറ്റിനോട് കൂടുതൽ ബന്ധമുള്ള മൈനാഗപ്പള്ളി, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ ഉൾപ്പടെ വരും ദിവസങ്ങളിൽ പ്രതിരോധം ശക്തമാക്കുമെന്ന് ശാസ്താംകോട്ട പൊലീസ് ഇൻസ്പെക്ടർ അനൂപ് അറിയിച്ചു.