vallam

 കൊല്ലം, നീണ്ടകര ഹാർബറുകൾ അടച്ചു

കൊല്ലം: ജില്ലയിൽ ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് ഒരു ചെറുവെള്ളം പോലും കടലിൽ മത്സ്യബന്ധനത്തിന് പോകില്ല. അഴീക്കൽ ഹാർബറിന് പിന്നാലെ കൊല്ലം, നീണ്ടകര ഹാർബറുകളും ഇന്നലെ അടച്ചു. പരവൂർ, ഇരവിപുരം അടക്കമുള്ള ചെറിയ ലാൻഡിംഗ് സെന്ററുകളിലും മത്സ്യബന്ധനം നിരോധിച്ചു. ആളുകൾ വൻതോതിൽ കൂട്ടംകൂടുന്ന ഹാർബറുകൾ കേന്ദ്രീകരിച്ച് കൊവിഡ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ജില്ലയിൽ ഇന്നലെ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് എവിടെ നിന്നാണ് കൊവിഡ് പടർന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഇതിന് പുറമേ ഹാർബറുകളിൽ എല്ലാ നിയന്ത്രങ്ങണങ്ങളും ലംഘിച്ച് നൂറ് കണക്കിന് പേരാണ് തടിച്ചുകൂടുന്നത്. സ്ഥിതി പരിശോധിച്ച പൊലീസും ഫിഷറീസും ആരോഗ്യവകുപ്പും ഹാർബറുകൾ പൂട്ടിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നു. നീണ്ടകരയിലും കൊല്ലം തീരത്തും വൻതോതിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്ത് നിന്നും മത്സ്യത്തൊഴിലാളികൾ വന്ന് തമ്പടിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടക്കുന്നത് തീരദേശവാസികളിലും ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്നലെ ലഭിച്ച മത്സ്യം: 15 ടൺ

കൊല്ലം തീരത്ത്: 25 ടൺ

(അഞ്ച് ലാൻഡിംഗ് സെന്ററുകൾ ഉൾപ്പെടെ)

പൂട്ട് വീഴാൻ കാരണം

1. ഹാർബറുകളിൽ പുലർച്ചെ മുതൽ വൻജനക്കൂട്ടം

2. ദൂരസ്ഥലങ്ങളിൽ നിന്ന് സ്വകാര്യ വ്യക്തികളും എത്തുന്നു

3. ജില്ലാ ഭരണകൂടം നിരോധിച്ചിട്ടും സ്വകാര്യവ്യക്തികളെത്തുന്നു

4. പ്രത്യേക പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തി

5. മത്സ്യത്തൊഴിലാളി ഭവനങ്ങൾ തമ്മിൽ അകലം ഇല്ലാത്തത്ത് തിരിച്ചടി

ഉൾനാടൻ മത്സ്യബന്ധനമാകാം

കായലുകളും ചെറുജലാശയങ്ങളും കേന്ദ്രീകരിച്ചുള്ള ഉൾനാടൻ മത്സ്യബന്ധനത്തിന് നിരോധനമില്ല.

മത്സ്യത്തിന് ഇനി തീവില

മറ്റ് ജില്ലകളിലും നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സ്യമേ ഇനി ഇവിടെ കിട്ടൂ. കിലോ മീറ്ററുകൾ താണ്ടി കൊണ്ടുവരുന്ന മത്സ്യത്തിന് തീവില കൊടുക്കേണ്ടിവരും. സംസ്ഥാനത്തിന് പുറമേ ദേശീയതലത്തിലും ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിൽ വൻതോതിൽ മത്സ്യമെത്താനുള്ള സാദ്ധ്യത കുറവാണ്.

മത്സ്യക്ഷാമത്തിലേക്ക് അയൽ ജില്ലകൾ

ജില്ലയിലെ ഹാർബറുകളെല്ലാം അടച്ചതോടെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും മത്സ്യക്ഷാമം രൂക്ഷമാകും. ജില്ലയിലെ ഹാർബറുകളിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യം പ്രധാനമായും കൊണ്ടുപോയിരുന്നത്.