1
എഴുകോൺ മേൽപ്പാലത്തിൽ അപകടത്തിൽപ്പെട്ട കാർ

എഴുകോൺ: കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ എഴുകോൺ മേൽ പാലത്തിൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം എഴുകോൺ മേൽ പാലത്തിൽ നിന്നും താഴേ നെടുമൺകാവ് റോഡിലേക്ക് കാർ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കൊട്ടാരക്കര സ്വദേശി ഷൈജു മാത്യുവിന്റെ കാറാണ് നിയന്ത്രണം തെറ്റി താഴേക്ക് പതിച്ചത്. നെടുമൺകാവ് ഭാഗത്ത് നിന്നും വന്ന മറ്റൊരു വാഹനത്തിന്റെ മുൻഭാഗത്തേക്ക് വീണെങ്കിലും വൻ ദുരന്തം ഒഴിവായി. ഒരു വർഷത്തിനിടെ ആറോളം വാഹനങ്ങളാണ് ഈ പ്രദേശത്ത് അപകടത്തിൽപെട്ടത്.

അപകടമേഖല

കൊട്ടാരക്കര ഭാഗത്ത് നിന്നും വരുമ്പോൾ ഇറക്കത്തോട് ഒപ്പം വളവും ഉള്ളതിനാൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നത് സ്ഥിരമാണ്. മഴ കാലങ്ങളിൽ വാഹനങ്ങൾ തെന്നിമാറുന്നതും സാധാരണമാണ്.

നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ

കൊല്ലം മുതൽ എഴുകോൺ അമ്പലത്തുംകാല വരെയുള്ള കൊല്ലം ഡിവിഷന്റെ കീഴിൽ വരുന്ന ഭാഗത്ത് ടാർ ചെയ്യുകയും പാതയോരങ്ങളിൽ ഓടകൾ നവീകരിച്ച് ഇന്റർ ലോക്ക് കട്ടകൾ പാകുകയും ചെയ്യുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. ഇനി അപകട മേഖലകളിൽ ക്രാഷ് ബാരിയർ ഉൾപ്പെടെ സ്ഥാപിക്കുന്ന ജോലികൾ നിലച്ചിരിക്കുകയാണ്. അമ്പലത്തുംകാല മുതൽ തെന്മല വരെ പുനലൂർ ഡിവിഷന്റെ കീഴിലാണ്. അമ്പലത്തുംകാല മുതൽ തെന്മല വരെ പാതയോര നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. റോഡ് നവീകരണത്തിനായി ചെന്നൈ സ്വദേശിയായ കോൺട്രാക്ടർ ടെൻഡർ എടുത്തിട്ടുണ്ട് കൊവിഡ് പ്രതിസന്ധി ആയതിനാലാണ് പണി ആരംഭിക്കാത്തത് എന്നും അധികൃതർ പറഞ്ഞു.