കൊട്ടാരക്കര: കണ്ടെയ്ൻമെന്റ് സോണിലെ കർശന നിയന്ത്രണങ്ങൾക്കിടയിൽ കൊട്ടാരക്കര പുലമൺ കവലയിൽ കാറും ആട്ടോയും കൂട്ടിയിടിച്ച് ആശുപത്രിയിലേക്ക് പോയ ദമ്പതികളും മകളുമടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ആട്ടോയിൽ സഞ്ചരിച്ച നെടുവത്തൂർ ചാലൂക്കോണം മായാ ഭവനിൽ മോഹനൻ പിള്ള (70), ഭാര്യ ഉഷാകുമാരി (64), മകൾ രമ്യ (33) ഒപ്പമുണ്ടായിരുന്ന രാഗിണി, ആട്ടോ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. കണ്ടെയ്ൻമെന്റ് സോണായതിനാൽ പുലമൺ കവലയിലെ ട്രാഫിക് സിഗ്നൽ ഓഫായിരുന്നു. പുനലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആട്ടോയും അടൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മോഹനൻ പിള്ളയും കുടുംബവും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹനൻ പിള്ളയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. കാർ യാത്രക്കാർക്ക് നിസാര പരിക്കുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.