boat

കൊല്ലം: മൺസൂൺ കൊയ്ത്ത് കൂട്ടിവച്ച് പുതിയ വല വാങ്ങുന്നത് സ്വപ്നം കണ്ട കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികൾ കടുത്ത നിരാശയിൽ. ഇന്നലെ വൈകിട്ട് ഉച്ചഭാഷിണിയിലൂടെ ഹാർബറുകൾ അടച്ചെന്നുള്ള അനൗൺസ്മെന്റ് കേട്ടപ്പോൾ പലരുടെയും നെഞ്ചുകാളി. ട്രോളിംഗ് നിരോധന കാലത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങളെയും തൊഴിലാളികളെയും ഹാർബറുകളിൽ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനമെടുത്തതിനാൽ കൊല്ലം തീരത്തുള്ളവർ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു. സാധാരണ ട്രോളിംഗ് നിരോധന കാലത്ത് കുറഞ്ഞത് നൂറ് വള്ളമെങ്കിലും തമിഴ്നാട്ടിൽ നിന്നും എത്തുന്നതാണ്. അഞ്ഞൂറോളം തൊഴിലാളികളുമെത്തും. പുലർച്ചെയും വൈകിട്ടും കടലിൽ പോയി ട്രോളിംഗ് നിരോധന കാലം മുതൽ മൺസൂണിലേയും കോളും കൊയ്താണ് അവർ മടങ്ങുന്നത്.

നിരാശ മാത്രം

ട്രോളിംഗ് നിരോധനത്തിന്റെ ആദ്യ ദിനങ്ങളിൽ കൊല്ലം തീരത്തും മത്സ്യലഭ്യത കുറവായിരുന്നു. ഇടയ്ക്കിടെ കടൽ പ്രക്ഷുബ്ധമായതിനാൽ പല ദിവസങ്ങളിലും കടലിൽ പോകാനായില്ല. കടൽ കലിതുള്ളി നിൽക്കുകയാണെങ്കിലും മൺസൂൺ ചാകരയുടെ ലക്ഷണമായി വലകളിൽ മീൻ കുരുങ്ങി തുടങ്ങിയപ്പോഴാണ് ഹാർബറുകൾ അടച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നലെയെത്തിയത്.

800 വള്ളങ്ങൾ

എണ്ണൂറോളം വള്ളങ്ങളാണ് കൊല്ലം തീരത്തുള്ളത്. പലരും ഒന്നിടവിട്ട ദിവസങ്ങളിലാണ് കടലിൽ പോകുന്നത്. മത്സ്യലഭ്യത കുറവാണെങ്കിൽ ഇരുനൂറിൽ താഴെ വള്ളങ്ങളേ പോകാറുള്ളു. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ശരാശരി 500 വള്ളങ്ങൾ ഇവിടെ നിന്നും സ്ഥിരമായി കടലിൽ പോയിരുന്നതാണ്. ഒരു വള്ളത്തിൽ കുറഞ്ഞത് നാല് മത്സ്യത്തൊഴിലാകളെങ്കിലും കാണും.