സ്ഥിതി ഗുരുതരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കൊല്ലം: തീരപ്രദേശങ്ങളിൽ വൻതോതിൽ അന്യസംസ്ഥാന മത്സ്യത്തൊഴിലാളികൾ തമ്പടിച്ചതായും ഹാർബറുകൾ തുറന്നാൽ വീണ്ടും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഇന്റലിജന്റസ് റിപ്പോർട്ട്. ട്രോളിംഗ് നിരോധനം അവസാനിക്കാൻ 23 ദിവസം മാത്രം ബാക്കി നിൽക്കെ ബോട്ടടുമകൾ തന്നെ തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ശക്തികുളങ്ങരയിൽ മാത്രം ഇതുവരെ ആയിരത്തോളം തമിഴ്നാട്ടുകാർ എത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതിനാണ് ഇവർ നേരത്തെ എത്തിയത്. എന്നാൽ ഇവർ ഗൃഹനിരീക്ഷണത്തിൽ കഴിയാതെ കറങ്ങിനടക്കുന്നത് നാട്ടുകാരിലും ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഇവരെ എത്തിച്ച ബോട്ടുടമകൾ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളും ഒരുക്കിനൽകുന്നില്ല. തമിഴ്നാട്ടിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളിൽ നിന്നാകാം ഇവിടുള്ളവർക്ക് കൊവിഡ് പടർന്നതെന്നാണ് സംശയം.
കൊല്ലം തീരത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങൾക്കും തൊഴിലാളികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ തിരുവനന്തപുരം ജില്ലയിലെ തമിഴ്നാട് അതിർത്തി മുതൽ അഞ്ചുതെങ്ങ് വരെയുള്ള ഭാഗത്തെ വള്ളങ്ങൾ സുരക്ഷിത തീരമെന്ന നിലയിൽ കൊല്ലം തീരത്ത് അടുത്തിരുന്നു.
തിങ്കളാഴ്ച വരും ശനിയാഴ്ച പോകും
കടൽമാർഗവും റോഡ് വഴിയും തിങ്കളാഴ്ചകളിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന മത്സ്യത്തൊഴിലാളികൾ ശനിയാഴ്ചകളിൽ മടങ്ങുന്ന പതിവാണ് മറ്റൊരു പ്രശ്നം. ഇവർ ഇവിടെ സ്ഥിരമായി തങ്ങിയാൽ വലിയ പ്രശ്നം ഉണ്ടാകില്ല. കൊവിഡ് നിയന്ത്രണാതീതമായി തുടരുന്ന തമിഴ്നാട്ടിലേക്ക് ഇവർ ഇടയ്ക്കിടെ പോയിവരുന്നത് വൻ ഭീഷണിയാണ്.
തമ്പടിച്ച് അന്യസംസ്ഥാന തൊഴിലാളികൾ
1. ശക്തികുളങ്ങരയിൽ മാത്രം പതിനായിരത്തോളം അന്യസംസ്ഥാന മത്സ്യത്തൊഴിലാളികൾ
2. ഇവിടെ ആയിരത്തോളം ബോട്ടുകൾ മത്സ്യബന്ധനത്തിൽ സജീവം
3. സ്രാങ്കുകൾ സഹിതം ഭൂരിഭാഗം തൊഴിലാളികളും തമിഴ്നാട്ടുകാർ
4. കുറച്ചധികം പേർ പശ്ചിമബംഗാൾ, അസാം എന്നിവിടങ്ങളിൽ നിന്നുള്ളവർ
5. ഒരു ബോട്ടുകളിൽ പത്ത് മുതൽ പതിനഞ്ച് തൊഴിലാളികൾ
6. നീണ്ടകര നീലേശ്വരം തോപ്പിൽ നൂറോളം തമിഴ് വള്ളങ്ങൾ കെട്ടിയിട്ടിട്ടുണ്ട്
7. ഹാർബറുകൾ തുറന്നാൽ ഇവരും മടങ്ങിയെത്തിയേക്കും
ട്രോളിംഗ് അവസാനിക്കാൻ: 23 ദിവസം
തമിഴ്നാട്ടുകാർ
ഇതുവരെ എത്തിയത്: 1,000 ഓളം
ഇനി വരാനുള്ളത്: 9,000 ഓളം
''
തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നിരോധനമുണ്ടെങ്കിലും നൂറുകണക്കിന് പേർ രഹസ്യമായെത്തി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുവരികയായിരുന്നു. സൃഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇവർ തങ്ങുന്നത്.
ഇന്റലിജൻസ് റിപ്പോർട്ട്