photo
കരീപ്ര ശരണാലയത്തിലെ പച്ചക്കറി വിളവെടുക്കുന്ന അമ്മമാർ

കൊല്ലം: പയറും വെണ്ടയും വഴുതിനയും തക്കാളിയുമൊക്കെ താലോലിച്ച് വളർത്തുകയാണ് കരീപ്ര ശരണാലയത്തിലെ അച്ഛനമ്മമാർ. ഇത്തവണ പച്ചക്കറികൾക്കൊപ്പം രുചിയേറും മുന്തിരിയുമുണ്ട്. പഴക്കടകളിൽ മാത്രം കണ്ടിട്ടുള്ള മുന്തിരി മുറ്റത്തും കായ്ക്കുമെന്ന് പലർക്കും പുതിയ അറിവായിരുന്നു. അതേ,​ എഴുകോൺ കരീപ്ര ശരണാലയം ഇപ്പോൾ ഹരിത സമൃദ്ധിയിലാണ്. ശരണാലയത്തിന്റെ ടെറസിൽ അഞ്ഞൂറിൽപരം ഗ്രോ ബാഗുകളിലായി എല്ലാവിധ കൃഷിവിളകളുമുണ്ട്.ലോക് ഡൗണിലെ പച്ചക്കറി ക്ഷാമം ശരണാലയത്തെ ബാധിക്കുന്നില്ല. വളരെ കുറച്ച് ഭൂമി മാത്രമാണ് ശരണാലയത്തിനായി ഉള്ളത്. അതിനാലാണ് ടെറസിൽ കൃഷി തുടങ്ങിയത്. കൃഷി ഭവനിൽ നിന്നും ലഭിച്ച ഗ്രോബാഗുകളിലാണ് ആദ്യം തുടങ്ങിയത്. അന്തരിച്ച കാഥികൻ കടയ്ക്കോട് വിശ്വംഭരന്റെ മകൻ സന്ദീപ് കൂടുതൽ ഗ്രോ ബാഗുകളും തൈകളും നൽകി. സന്ദീപിന്റെ ഫാമിൽ നിന്നും സൗജന്യമായി ലഭിച്ച തൈകളും ചേർന്നപ്പോൾ ശരണാലയത്തിന്റെ ടെറസ് മുഴുക്കെ പച്ചപ്പ് നിറഞ്ഞു. ഡ്രിപ് ഇറിഗേഷൻ വഴിയാണ് ഓരോ ചുവട്ടിലും വെള്ളമെത്തിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പത്തനാപുരം ഗാന്ധിഭവൻ നടത്തുന്ന ശരണാലയത്തിൽ 58 അന്തേവാസികളാണുള്ളത്.

മുന്തിരി മധുരം

ശരണാലയത്തിന്റെ നടുമുറ്റത്ത് പടർന്ന് പന്തലിച്ച മുന്തിരിയും വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. വലിയ തോതിൽ ഇല്ലെങ്കിലും പഴുത്തപ്പോൾ അതിമധുരമാണ്. മുന്തിരിത്തോട്ടം കണ്ടിട്ടില്ലാത്തവരാണ് ഇവിടെയുള്ളവരെല്ലാം. എന്നാൽ മുറ്റത്ത് നട്ട മുന്തിരി നിറയെ കായ്ചപ്പോൾ ആ സങ്കടവും മാറി. മികച്ച വിളവ് ലഭിച്ചതിനാൽ വീണ്ടും കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് അന്തേവാസികൾ.

"ശരണാലയത്തിന്റെ ടെറസ് നിറയെ പച്ചക്കറി വിളകളാണ്. ഇവിടുത്തെ അച്ഛനമ്മമാർ വലിയ കരുതലാണ് കൃഷിക്കാര്യത്തിലെടുക്കുന്നത്. മികച്ച വിളവ് ലഭിക്കുന്നതും സമർപ്പണത്തിന്റെ അടയാളമാണ്. "

പി.എസ്.അമൽരാജ്,

വൈസ് ചെയർമാൻ, ഗാന്ധിഭവൻ