vyapanam

 ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികൾ ദിവസവും

കൊല്ലം: ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്,​ സമൂഹവ്യാപന സാദ്ധ്യതകൾ തുറന്നിടുമ്പോഴും പ്രതിരോധം പാളുന്നു. കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങളിലാക്കിയിട്ടും പൊതു ഇടങ്ങളിൽ സ്വയം നിയന്ത്രണം ഉണ്ടാകാത്തത് തിരിച്ചടിയാണ്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് രണ്ട് മത്സ്യവിൽപ്പനക്കാർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.

ഉറവിടം അവ്യക്തമായ ഇത്തരം കേസുകൾ കൊല്ലത്ത് ഇതാദ്യമല്ല. രോഗം ബാധിച്ച ശാസ്‌താംകോട്ട അഞ്ഞിലിമൂട് ചന്തയിലെ മത്സ്യവിൽപ്പനക്കാരൻ, ചവറ ചേന്നങ്കര അരിനല്ലൂർ കല്ലുംപുറത്തെ മത്സ്യകച്ചവടക്കാരൻ എന്നിവരുടെ റൂട്ട് മാപ്പ് സങ്കീർണമാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതുംഏറെ വെല്ലുവിളിയാണ്.

മത്സ്യ വിൽപ്പനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലയിലെ മത്സ്യ ബന്ധന തുറമുഖങ്ങളിലെ സാഹചര്യം ഗുരുതരമാണെന്നും അടച്ചിടണമെന്നുമുള്ള ശുപാർശ ജില്ലാ കളക്ടർക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയത്. ഉറവിടം കണ്ടെത്താനാകാത്ത രോഗ ബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് കൂടുതലായി രോഗ വ്യാപനം ഇതുവരെ ഉണ്ടാകാത്തത് ജില്ലയ്ക്ക് ആശ്വാസമാണ്. എങ്കിലും പൊതു ഇടങ്ങളിലെ പ്രതിരോധം പാളിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

കണ്ടെയ്മെന്റ് സോണുകൾ

പൊലീസ് വലയത്തിൽ

കണ്ടെയ്മെന്റ് സോണുകൾ പൂർണമായും പൊലീസ് വലയത്തിലാണ്. ശാസ്താംകോട്ട, പടിഞ്ഞാറെകല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോണുകളിലേക്ക് പുറത്ത് നിന്നുള്ള സ്വകാര്യ വാഹനങ്ങൾ പൊലീസ് കടത്തിവിടുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ് യാത്രാനുമതി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഘട്ടം വന്നതോടെ കർശന ഇടപെടലാണ് പൊലീസ് നടത്തുന്നത്. മാസ്ക് ധരിക്കാത്തവരെ പിടികൂടാൻ പ്രത്യേക സംഘവും നിരത്തിലുണ്ട്.

സ്വയം ചികിത്സ ചെന്നെത്തിയത്

1. പനിയുണ്ടെങ്കിൽ സ്വയം ചികിത്സ അരുത്. വൈദ്യ സഹായം തേടണം

2. കൊവിഡ് ലക്ഷണങ്ങൾ തോന്നിയാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം

3. കൊല്ലത്ത് കൊവിഡ് ബാധിതൻ പനി വന്നപ്പോൾ സ്വയം ചികിത്സ നടത്തിയെന്ന് ആരോഗ്യ വകുപ്പ്

4. സ്വയം ചികിത്സയ്ക്കൊപ്പം പൊതുജന സമ്പർക്കവും

5. വൈദ്യ സഹായം തേടുന്നതിനൊപ്പം നിരീക്ഷണത്തിലും കഴിയണം

''

ഒരുപാട് തവണ മുന്നറിയിപ്പ് നൽകി. തത്കാലം എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അടയ്‌ക്കുകയാണ്. നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ.

ബി.അബ്ദുൽ നാസർ

ജില്ലാ കളക്ടർ