കൊല്ലം: ജില്ലയിൽ രണ്ടാം തവണയാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹാർബറുകൾ പൂർണമായും അടയ്ക്കുന്നത്. കാര്യമായ സമ്പാദ്യമില്ലാത്ത പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഹാർബറുകൾ അടച്ച ആദ്യ ദിനത്തിൽ തന്നെ പ്രതിസന്ധിയിലായി.
ലോക്ക് ഡൗണിന്റെ ഭാഗമായി മാർച്ച് മൂന്നാം വാരത്തിലാണ് ഹാർബറുകൾ കൂട്ടത്തോടെ ആദ്യം അടച്ചത്. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ഒരുമാസത്തിന് ശേഷം കൊല്ലം തീരത്തെ വള്ളങ്ങൾ കടലിൽ പോയിത്തുടങ്ങിയെങ്കിലും ബോട്ടുകൾക്ക് മേയ് പകുതിയോടെയാണ് അനുമതി ലഭിച്ചത്. ആഴ്ചകൾ കഴിഞ്ഞതോടെ ട്രോളിംഗ് നിരോധനം നിലവിൽ വന്ന് ബോട്ടുകൾ വീണ്ടും കരയ്ക്കടുപ്പിച്ചു.
സാധാരണ ട്രോളിംഗ് നിരോധന കാലത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കാര്യമായി കോള് ലഭിക്കുന്നത്. ഇത്തവണ ഇടയ്ക്കിടെ കടൽ പ്രക്ഷുബ്ധമായി പണി മുടങ്ങിയതിനൊപ്പം ഹാർബറുകൾ വീണ്ടും അടച്ചതോടെ പരമ്പരാഗത തൊഴിലാളികൾ കടുത്ത നിരാശയിലാണ്. ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളും ദിവസങ്ങളോളം കരയ്ക്കിരിക്കേണ്ടി വരുന്നത് സമീപഭാവിയിൽ ആദ്യമാണ്.
നിരോധനം ഒരാഴ്ചത്തേക്ക്
ഇന്നലെ മുതൽ ഒരാഴ്ചത്തേക്കാണ് ഹാർബറുകൾ അടച്ചിരിക്കുന്നത്. മത്സ്യക്ഷാമവും തൊഴിലാളികളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് രണ്ട് ദിവസത്തിന് ശേഷം കടുത്ത നിയന്ത്രണങ്ങളോടെ ഹാർബറുകൾ ഒരുപക്ഷെ തുറന്നേക്കും.