കൊല്ലം: കാലവർഷത്തിന് മുൻപ് പൂർത്തീകരിക്കാൻ ടെൻഡർ നൽകിയിരുന്ന മരാമത്ത് ജോലികൾ പലതും കൊവിഡിൽ കുടുങ്ങി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂട്ടംകൂടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് വന്നതോടെ കാലവർഷത്തിന് മുമ്പ് തീർക്കേണ്ട പല റോഡുകളിലെയും അറ്റകുറ്റപ്പണികൾ മഴക്കാലം തുടങ്ങിയശേഷവും ഇഴഞ്ഞുനീങ്ങുകയാണ്. പ്രതികൂല കാലാവസ്ഥയും തൊഴിലാളികളുടെ ക്ഷാമവുമാണ് ജില്ലയിലെ റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി മരാമത്ത് ജോലികളാണ് മൂന്നുമാസമായി ഇഴഞ്ഞുനീങ്ങുന്നത്. പ്ളാൻഫണ്ട്, കിഫ് ബി, ശബരിമല റോഡ് സ്കീം തുടങ്ങി കോടികളുടെ മരാമത്ത് പണികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനാകാത്തത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപോലും പ്രതിരോധത്തിലാക്കി. മലയോരം മുതൽ തീരദേശം വരെ നീളുന്ന പല റോഡുകളിലും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ ഗതാഗത നിരോധനവും വഴിതിരിച്ചുവിടീലും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആംബുലൻസ് സർവീസുകളെപ്പോലും ബുദ്ധിമുട്ടിക്കുന്നുണ്ട്.
ജില്ലയിലെ പ്രധാന മരാമത്ത് പണികൾ
പുനലൂർമേഖല
മലയോര ഹൈവേ
പുനലൂർ- ചല്ലിമുക്ക്
പുനലൂർടൗൺറോഡ്
മെതുകുമേൽ- പുലിക്കോട് റോഡ്
വാളകം- അഞ്ചൽ മാർക്കറ്റ് - അടുക്കളമൂല
കൊട്ടാരക്കര
കൊട്ടാരക്കര ടൗണിലെ റിംഗ് റോഡുകൾ
വെട്ടിക്കവല- ചക്കുവരയ്ക്കൽ
കൊട്ടാരക്കര- ശാസ്താംകോട്ട
ചടയമംഗലം -കടയ്ക്കൽ
കൊല്ലം
കല്ലുപാലം റോഡ് ടാറിംഗും റീട്ടെയ്നിംഗ് വാൾ നിർമ്മാണവും
കുണ്ടറ- ഉമയനല്ലൂർ- കരിക്കോട് റോഡ്
കുണ്ടറ- പള്ളിമുക്ക് -മൺറോത്തുരുത്ത് റോഡ്
കുണ്ടറ-ഉമയനല്ലൂർ-കരിക്കോട് റോഡ്
ചാത്തന്നൂർ-വെളിനല്ലൂർ റോഡിലെ മണ്ണേത്ത് പാലം നിർമ്മാണം
കല്ലുവാതുക്കൽ- വേളമാനൂർ, കല്ലുവാതുക്കൽ- ചെങ്കുളം,നെടുങ്ങോലം - പൂതക്കുളം റോഡ്
കരുനാഗപ്പള്ളി
വെറ്റമുക്ക് - താമരക്കുളം, വവ്വക്കാവ് - മണപ്പള്ളി റോഡിൽ ആനക്കുഴി കലുങ്ക് നിർമ്മാണം (അവസാനഘട്ടത്തിൽ)
പാവുമ്പ - ഷാപ്പ് മുക്ക് - കുരിശിൻമൂട് റോഡ്, കുറ്റിപ്പുറം - മാരാരിത്തോട്ടം - മലയുടെ കുറ്റി റോഡ്, വെള്ളനാതുരുത്ത് - പണിക്കർ കടവ് റോഡ്
കുന്നത്തൂർ- കാരൂർക്കടവ് റോഡ്, കൊച്ചാഞ്ഞിലിമൂട് - പള്ളിശേരിക്കൽ റോഡ്, ശാസ്താംകോട്ട - കരുനാഗപ്പള്ളി പടനായർ കുളങ്ങര റോഡ് ( റോഡ് നിർമ്മാണത്തിനായി മൈനാഗപ്പളളി കുട്ടപ്പൻമുക്ക്, ഡ്രൈവർ മുക്ക് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം.
അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷാമം
റോഡ് റോളർ, ഗ്രേഡർ ( മെറ്റലും പാറപ്പൊടിയും നിരത്തുന്ന യന്ത്രം), വൈബ്രേറ്റർ (കുത്തി നിറയ്ക്കുന്നത്), പേവർ (ടാർ വിരിക്കുന്ന യന്ത്രം) തുടങ്ങിയവ ഓപ്പറേറ്റ് ചെയ്യാൻ കരാറുകാർ അന്യസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിച്ചിരുന്നത്. കൊവിഡ് ഭയന്ന് നാട്ടിലേക്ക് മടങ്ങിയ ഇവരാരും തിരിച്ചെത്താത്തതിനാൽ വിദഗ്ദ്ധ തൊഴിലാളികളെ കിട്ടാനില്ല.
മഴയും കൊവിഡ് നിയന്ത്രണങ്ങളും തൊഴിലാളി ക്ഷാമവുമാണ് ജില്ലയിൽ മരാമത്ത് പ്രവർത്തനങ്ങൾക്ക് തടസമായത്. ഓണത്തിന് മുൻപ് പരമാവധി ജോലികൾ പൂർത്തിയാക്കാനുള്ള പ്രയത്നത്തിലാണ് മരാമത്ത് വകുപ്പ്. യാത്രക്കാർക്ക് കഴിവതും ബുദ്ധിമുട്ടുകൾ ഇല്ലാത്ത തരത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
എക്സിക്യൂട്ടീവ് എൻജിനീയർ, മരാമത്ത് വിഭാഗം, കൊല്ലം.
നിർമ്മാണത്തിന് തടസമാകുന്ന ഘടകങ്ങൾ
സാങ്കേതിക തകരാറുകളാൽ പണിമുടക്കിയ യന്ത്രഭാഗങ്ങൾ ലോക്ക് ഡൗണിനെ തുടർന്ന് കിട്ടാനില്ല
വീതികൂട്ടൽ ജോലികൾ നടക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി പോസ്റ്റ്, കേബിളുകൾ എന്നിവ മാറ്റുന്നതിലെ കാലതാമസം
നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും കൊവിഡ് പ്രോട്ടോക്കോളും
ടാറിംഗിന് പ്രധാന തടസമായി ഇടയ്ക്കിടെയുണ്ടാകുന്ന കനത്ത മഴ