camera

 കാമറ സ്ഥാപിക്കൽ അന്തിമഘട്ടത്തിൽ

കൊല്ലം: ഹാജർ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ ആവശ്യങ്ങൾക്ക് മുങ്ങുന്ന നഗരസഭാ ഉദ്യോഗസ്ഥർ വൈകാതെ പിടിയിലാകും. നഗരസഭാ പ്രധാന കാര്യാലയത്തിലും സോണൽ ഓഫീസുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ അന്തിമഘട്ടത്തിലായി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കാമറ സ്ഥാപിക്കുന്നതെന്നാണ് അധികൃതർ പറയുന്നതെങ്കിലും പതിവായി മുങ്ങുന്ന ഉദ്യോഗസ്ഥരെ കുടുക്കുകയാണ് പ്രധാന ലക്ഷ്യം. പല വിഭാഗങ്ങളിലും ഉദ്യോഗസ്ഥർ സീറ്റുകളില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ്. എല്ലാ സെക്ഷനുകളിലും എത്തുന്നവരെ കൃത്യമായി ഒപ്പിയെടുക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ ഓരോ ചലനവും അറിയാൻ കഴിയുംവിധം ഓരോ ഓഫീസ് മുറിയിലും ഒന്നിലധികം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

സെക്രട്ടറിയുടെയും മേയറുടെയും ചേംബറുകളിലെ വിശാലമായ സക്രീനുകളിൽ കാമറാ ദൃശ്യങ്ങൾ നിരീക്ഷിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കാമറകൾ സ്ഥാപിക്കുന്നത്. സോണൽ ഓഫീസുകളിലേതടക്കമുള്ള മുഴുവൻ കാമറകളും വൈകാതെ തന്നെ പ്രവർത്തിപ്പിച്ച് തുടങ്ങും.

 ഇടനിലക്കാരെയും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കൈക്കൂലി നൽകിയും നിയമവിരുദ്ധമായ കാര്യങ്ങൾ നടത്താൻ ഒരുസംഘം ഇടനിലക്കാരും പതിവായി നഗരസഭാ ഓഫീസുകൾ കയറിയിറങ്ങുന്നുണ്ട്. ഇവരെ നിരീക്ഷിക്കുകയെന്ന ലക്ഷ്യവും കാമറ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്.

 8 വർഷം മുമ്പുള്ള കാമറകൾ ചവറ്റുകുട്ടയിൽ

നഗരസഭ പുതിയ കാമറകൾ സ്ഥാപിച്ച് തുടങ്ങിയപ്പോൾ എട്ടു വർഷം മുമ്പ് കെൽട്രോൺ സ്ഥാപിച്ച കാമറകൾ ചവറ്റുകുട്ടയിലേക്കെറിഞ്ഞു. ഇവയിൽ പലതും വർഷങ്ങളായി പ്രവർത്തനക്ഷമവുമല്ല. അറ്റകുറ്റപ്പണിക്ക് കെൽട്രോണുമായുള്ള കരാർ നഗരസഭ പുതുക്കിയതുമില്ല.